സ്വര്‍ണ്ണത്തിന് പുറമെ, വജ്രവും പതിപ്പിച്ച മാസ്‌കുകള്‍ വിപണിയില്‍; വില ഒന്നര മുതല്‍ നാലു ലക്ഷം വരെ, പ്രിയമേറി ആഡംബര മാസ്‌കുകള്‍

സൂറത്ത്: കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരെ പൊരുതാന്‍ ഉള്ള ആയുധമാണ് മാസ്‌ക്. വ്യത്യസ്ത നിറത്തിലും ഡിസൈനിലും മാസ്‌കുകള്‍ ഇപ്പോള്‍ വിപണിയില്‍ നിറയുന്നുണ്ട്. സ്വര്‍ണ്ണം വരെ പതിപ്പിച്ച മാസ്‌കുകള്‍ അടുത്തിടെ വാര്‍ത്തകളിലും മറ്റും നിറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനെയെല്ലാം കടത്തി വെട്ടി വജ്രങ്ങള്‍ പതിപ്പിച്ച മാസ്‌ക് ഇറങ്ങിയിരിക്കുകയാണ്.

ഗുജറാത്തിലെ ഒരു ആഭരണവ്യാപാരിയാണ് വജ്രം പതിപ്പിച്ച മാസ്‌ക് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഒന്നരലക്ഷം രൂപ മുതല്‍ നാല് ലക്ഷം രൂപ വരെയാണ് സൂറത്തില്‍ ജ്വല്ലറിയുടമയായ ദീപക് ചോക്‌സി വില്‍പനയ്‌ക്കെത്തിച്ച വജ്രവും സ്വര്‍ണ്ണവും പതിപ്പിച്ച ആഡംബര മാസ്‌കുകളുടെ വില. വിവാഹാവശ്യത്തിനായി ഒരു ഉപഭോക്താവ് ‘വിലകൂടിയ’ മുഖാവരണം ആവശ്യപ്പെട്ട് എത്തിയതാണ് ഇത്തരം മാസ്‌ക്കുകള്‍ തയ്യാറാക്കി വില്‍ക്കാനുള്ള പ്രചോദനമെന്ന് ഇദ്ദേഹം പറയുന്നു.

ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ വിവാഹച്ചടങ്ങില്‍ വധൂവരന്മാര്‍ക്കണിയാന്‍ വ്യത്യസ്തമായ മാസ്‌ക് ആവശ്യപ്പെട്ട് ഒരു സ്ഥിരം ഉപഭോക്താവെത്തിയതിന് പിന്നാലെ അത്തരത്തിലുള്ള മാസ്‌ക്കുകകളുടെ രൂപകല്‍പനയ്ക്കായി ഡിസൈനര്‍മാരെ ഏല്‍പ്പിച്ചതായി ദീപക് പറയുന്നു. വജ്രം പതിപ്പിച്ച് നിര്‍മിച്ച മാസ്‌കുകള്‍ക്ക് കുറച്ചു ദിവസത്തിനുള്ളില്‍ തന്നെ ആവശ്യക്കാര്‍ വര്‍ധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദീപകിന്റെ വാക്കുകള്‍;

ശുദ്ധമായ വജ്രവും അമേരിക്കന്‍ ഡയമണ്ടും മാസ്‌ക് നിര്‍മാണത്തിലുപയോഗിക്കുന്നുണ്ട്. സ്വര്‍ണത്തിനൊപ്പം അമേരിക്കന്‍ ഡയമണ്ട് ഉപയോഗിച്ച് മോടിപിടിപ്പിക്കുന്നവയ്ക്ക് മാസ്‌കിന് ഒന്നര ലക്ഷത്തോളവും വൈറ്റ് ഗോള്‍ഡും വജ്രവും ഉപയോഗിച്ച് നിര്‍മിക്കുന്നവയ്ക്ക് നാല് ലക്ഷത്തോളവുമാണ് വില. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള തുണിയാണ് മാസ്‌കിനുപയോഗിക്കുന്നത്. ഉപഭോക്താവിന്റെ ആവശ്യത്തിനനുസരിച്ചാണ് മാസ്‌ക് നിര്‍മ്മാണം.

Exit mobile version