സ്വന്തം ഫോണില്‍ നിന്നും ജൂലൈ 10നകം ടിക് ടോക് ഒഴിവാക്കണം; ജീവനക്കാരോട് ആമസോണ്‍, ലാപ്‌ടോപ്പില്‍ നിന്നും ഉപയോഗിക്കാമെന്നും നിര്‍ദേശം

വാഷിംഗ്ടണ്‍: ഫോണില്‍ നിന്നും ടിക് ടോക് ഒഴിവാക്കണമെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശവുമായി ആമസോണ്‍. ജൂലൈ 10 നകം ഫോണില്‍ നിന്നും ടിക് ടോക് നീക്കം ചെയ്യാനാണ് കമ്പനി ജീവനക്കാര്‍ക്ക് അറിയിപ്പ് നല്‍കിയിരിക്കുന്നത്.

അമേരിക്കയിലെ ആമസോണ്‍ ജീവനക്കാര്‍ക്കാണ് നിര്‍ദ്ദേശം കൈമാറിയിരിക്കുന്നത്. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആമസോണിന്റെ അറിയിപ്പ്. ആമസോണിന്റെ മെയിലുകള്‍ വരുന്ന ഫോണില്‍ നിന്നും ആപ്പ് നീക്കം ചെയ്യാനാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അതേ സമയം ജീവനക്കാര്‍ക്ക് ലാപ്ടോപ്പില്‍ നിന്നും ടിക് ടോക്ക് ഉപയോഗിക്കാം എന്നും ഇവര്‍ക്കയച്ച മെയിലില്‍ പ്രത്യേകം പറയുന്നുണ്ട്. അതേസമയം, യൂറോപ്പിലെ ആമസോണ്‍ ജീവനക്കാര്‍ക്ക് ഇത്തരമൊരു മെയില്‍ കമ്പനിയില്‍ നിന്നും വന്നിട്ടിട്ടില്ല.

അമേരിക്കയില്‍ ടിക് ടോക്ക് നിരോധിക്കുന്നത് പരിഗണനയിലുണ്ടെന്ന് കഴിഞ്ഞ തിങ്കളാഴ്ച സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞിരുന്നു. തൊട്ടടുത്ത ദിവസം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇക്കാര്യം പരിഗണനയിലുണ്ടെന്ന് പറഞ്ഞിരുന്നു. പിന്നാലെയാണ് ആമസോണിന്റെ നടപടി.

ജൂണ്‍ 29 നാണ് ടിക് ടോക്കുള്‍പ്പെടുന്ന 59 ചൈനീസ് ആപ്പുകള്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ നിരോധിച്ചത്. ഗല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യ-ചൈന സൈനിക സംഘര്‍ഷം നടന്ന സാഹചര്യത്തിലായിരുന്നു നിരോധനം ഏര്‍പ്പെടുത്തിയത്.

Exit mobile version