കൊവിഡ് വ്യാപനം രൂക്ഷം; ഉത്തര്‍പ്രദേശ് വീണ്ടും സമ്പൂര്‍ണ്ണ ലോക്ഡൗണിലേയ്ക്ക്, അടച്ചിടുന്നത് മൂന്ന് ദിവസത്തേയ്ക്ക്

ലഖ്‌നൗ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ വീണ്ടും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍. മൂന്ന് ദിവസത്തേയ്ക്കാണ് സംസ്ഥാനം വ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച രാത്രി 10 മണിക്കാരംഭിക്കുന്ന ലോക്ഡൗണ്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5 മണിക്ക് അവസാനിക്കും. അതേസമയം, അവശ്യ സര്‍വീസുകളെ ലോക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, മാളുകള്‍, അവശ്യ വസ്തുക്കളുടേതല്ലാത്ത കടകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയെല്ലാം ലോക്ഡൗണില്‍ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. ബസ്സുകളുള്‍പ്പെടെയുള്ള പൊതുഗതാഗത മാര്‍ഗങ്ങളും ഈ ദിവസങ്ങളില്‍ നിരോധനം ബാധകമാണ്.

അതേ സമയം സംസ്ഥാനത്തേയ്ക്ക് എത്തുന്ന തീവണ്ടികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് പ്രത്യേക ബസ് സര്‍വീസുകളെ ആശ്രയിക്കാം. ഹൈവേകളിലെയും റോഡുകളിലെയും അറ്റക്കുറ്റപണികള്‍ക്ക് തടസ്സം നേരിടില്ല. ഗ്രാമീണ മേഖലയില്‍ ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. 30,000 പേര്‍ക്കാണ് യുപിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

Exit mobile version