കൊവിഡ് ജാഗ്രതയില്‍ കള്ളന്മാരും; ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണ്ണം മോഷ്ടിക്കാന്‍ എത്തിയത് പിപിഇ കിറ്റ് ധരിച്ച്!

മുംബൈ: ലോകമെങ്ങും കൊറോണ വൈറസ് വ്യാപനത്തില്‍ പകച്ച് നില്‍ക്കുകയാണ്. കൊറോണ വൈറസ് ഭീതിയില്‍ ജാഗ്രത കാണിച്ചിരിക്കുന്ന കള്ളന്മാരാണ് ഇന്ന് വാര്‍ത്തയില്‍ ഇടംപിടിക്കുന്നത്. പിപിഇ കിറ്റ് ധരിച്ചാണ് കള്ളന്മാര്‍ സ്വര്‍ണ്ണം കവരാന്‍ ജ്വല്ലറിയില്‍ എത്തിയത്. മഹാരാഷ്ട്ര സത്താറ ജില്ലയിലെ ഒരു ജ്വല്ലറിയിലാണ് പിപിഇ കിറ്റ് അടക്കമുള്ള സുരക്ഷാകവചങ്ങളുമായി കള്ളന്മാര്‍ മോഷണത്തിന് എത്തിയത്.

ജ്വല്ലറിയില്‍നിന്ന് 780 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളാണ് കള്ളന്മാര്‍ കവര്‍ന്നത്. രണ്ട് ദിവസം മുമ്പാണ് മോഷണം നടന്നത്. ലോക്ഡൗണ്‍ കാരണം അടഞ്ഞുകിടന്നിരുന്ന ജ്വല്ലറി ചൊവ്വാഴ്ച തുറന്നപ്പോഴാണ് മോഷണം നടന്ന വിവപരം അറിഞ്ഞത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് പിപിഇ കിറ്റ് ധരിച്ചെത്തിയവരാണ് മോഷണം നടത്തിയതെന്ന് തെളിഞ്ഞത്.

പിപിഇ കിറ്റ് ധരിച്ചെത്തിയ മോഷ്ടാക്കള്‍ ജ്വല്ലറിയിലെ ഷെല്‍ഫുകളില്‍നിന്ന് ആഭരണങ്ങള്‍ എടുക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കെട്ടിടത്തിന്റെ ചുമര്‍ തുരന്നാണ് മോഷ്ടാക്കള്‍ അകത്തുകയറിയതെന്നും ജ്വല്ലറി ഉടമ പറഞ്ഞു.

Exit mobile version