‘ദയവായി എന്റെ പെയിന്റിംഗുകള്‍ വാങ്ങൂ, എനിക്ക് എന്റെ വൈദ്യുതി ബില്‍ അടയ്ക്കണം, അടുത്ത ബില്ലിനുവേണ്ടി ഞാന്‍ എന്റെ കിഡ്‌നികള്‍ മാറ്റിവെച്ചിരിക്കുന്നു’; ഉയര്‍ന്ന വൈദ്യുതി ബില്ലിനെ വിമര്‍ശിച്ച് നടന്‍ അര്‍ഷാദ് വര്‍സി

മുംബൈ: കേരളത്തിന് പുറമെ മഹാരാഷ്ട്രയിലും കൊവിഡ് കാലത്ത് വളരെ ഉയര്‍ന്ന വൈദ്യുതി ബില്ലാണ് പലര്‍ക്കും ലഭിച്ചത്. ഈ സാഹചര്യത്തില്‍ കൊവിഡ് കാലത്ത് ലഭിച്ച ഉയര്‍ന്ന വൈദ്യുതി ബില്ലിനെതിരെ പ്രതികരിച്ച് മുംബൈ നിവാസികളായ നിരവധി ബോളിവുഡ് താരങ്ങള്‍ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ തനിക്ക് ലഭിച്ച ഉയര്‍ന്ന ബില്ലിനെതിരെ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം അര്‍ഷാദ് വര്‍സി. ട്വിറ്ററിലൂടെയാണ് താരത്തിന്റെ പ്രതികരണം.

തനിക്ക് ഏറ്റവും അവസാനമായി ലഭിച്ച വൈദ്യുതി ബില്‍ 1.03 ലക്ഷമാണെന്നാണ് താരം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ പരിഹാസരൂപേണ അദ്ദേഹം കുറിച്ചതിങ്ങനെ, ‘സഹൃദയരേ ദയവായി എന്റെ പെയിന്റിംഗുകള്‍ നിങ്ങള്‍ വാങ്ങുക. എനിക്ക് എന്റെ വൈദ്യുതി ബില്‍ അടയ്ക്കണം. അടുത്ത ബില്ലിനുവേണ്ടി ഞാന്‍ എന്റെ കിഡ്‌നികള്‍ മാറ്റിവച്ചിരിക്കുന്നു’ എന്നാണ് തന്റെ പെയിന്റിംഗുകളെ കുറിച്ച് വന്ന ആര്‍ട്ടിക്കിലിന്റെ ചിത്രത്തിനൊപ്പം താരം ട്വീറ്റ് ചെയ്തത്.

നേരത്തേ ബോളിവുഡില്‍ നിന്ന് തപ്‌സി പന്നു, സോഹ അലി ഖാന്‍, നേഹ ധൂപിയ, വീര്‍ ദാസ്, രേണുക സഹാനെ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങളാണ് ഉയര്‍ന്ന വൈദ്യുതി ബില്ലിനെക്കുറിച്ചുള്ള പരാതികളുമായി രംഗത്ത് എത്തിയത്.

Exit mobile version