കൊവിഡിന് സമാനമായ ലക്ഷണങ്ങള്‍; രണ്ട് വട്ടം നടത്തിയ പരിശോധനയിലും ഫലം നെഗറ്റീവ്; പിന്നാലെ യുവ ഡോക്ടര്‍ മരണപ്പെട്ടു, സംഭവം ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് സമാനമായ ലക്ഷണങ്ങളെ തുടര്‍ന്ന് ജൂനിയര്‍ റസിഡന്റ് ഡോക്ടര്‍ മരണപ്പെട്ടു. ഡല്‍ഹി സ്വദേശിയായ അഭിഷേക് ബയാനയാണ് കൊവിഡിന് സമാനമായ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഡോക്ടറുടെ മരണം. അതേസമയം, ഇദ്ദേഹത്തിന് രണ്ട് വട്ടം നടത്തിയ കൊവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നു. ഇതാണ് ഇപ്പോള്‍ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുന്നത്.

‘ രോഗലക്ഷണങ്ങള്‍ എല്ലാം കൊവിഡിന്റേതാണ്. എനിക്ക് നൂറ് ശതമാനം ഉറപ്പാണ്’ എന്നാണ് മരിക്കുന്നതിന്റെ തൊട്ടുമുന്‍പും ഇദ്ദേഹം പറഞ്ഞതായി സഹോദരന്‍ പറയുന്നു. ഡല്‍ഹി മൗലാന അസദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ജൂനിയര്‍ ഡോക്ടറായിരുന്നു 27 കാരനായ അഭിഷേക്. ഓറല്‍ സര്‍ജറി വിഭാഗത്തിലായിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്. ജൂണ്‍ 26ന് ഇദ്ദേഹം സ്വദേശമായ റോത്തക്കിലേക്ക് പോയിരുന്നു.

ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിന് കൊവിഡ് സമാനായ രോഗലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങിയത്. തുടര്‍ന്ന് ഒരു ചെസ്റ്റ് സ്പെഷ്യലിസ്റ്റിനെ സമീപിച്ചു. എക്സറേ എടുത്തതിന് ശേഷം നെഞ്ചില്‍ ഇന്‍ഫെക്ഷന്‍ ഉണ്ടെന്നായിരുന്നു ഡോക്ടര്‍ അറിയിച്ചതെന്ന് സഹോദരനായ അമാന്‍ ബയാന പ്രതികരിച്ചു. ചെറിയൊരു വൈറല്‍ പനി മാത്രമാണ് ഇതെന്നാണ് കരുതിയത്. എന്നാല്‍ ചെസ്റ്റ് ഇന്‍ഫെക്ഷന്റെ ലക്ഷണങ്ങള്‍ അല്ല ഇതെന്നും ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടെന്നും അഭിഷേക് പറഞ്ഞിരുന്നു.

തുടര്‍ന്ന് ജൂണ്‍ അവസാനം കൊവിഡ് പരിശോധന നടത്തി. രണ്ടാമത്തെ പരിശോധന ജൂലൈ 1 നും നടത്തി. രണ്ട് ഫലവും നെഗറ്റീവായിരുന്നു. വ്യാഴാഴ്ച രാവിലെ അദ്ദേഹത്തിന് ബോധം നഷ്ടപ്പെട്ടു. ഇതോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ അഭിഷേകിനെ എത്തിച്ചു. ഉടന്‍ തന്നെ ഐസിയുവിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇേേപ്പാള്‍ മൂന്നാമത്തെ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചു.

Exit mobile version