മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം, ഗുരുതര പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷവും; നെയ്വേലി ലിഗ്നൈറ്റ് പ്ലാന്റിലെ ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: നെയ്വേലി ലിഗ്‌നൈറ്റ് പ്ലാന്റിലുണ്ടായ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം വീതവും, അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നേരിയ തോതില്‍ പരിക്കുള്ളവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി അറിയിച്ചു.

ബുധനാഴ്ച ഉച്ചയോടെയാണ് തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലുള്ള നെയ്വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ പ്ലാന്റില്‍ പൊട്ടിത്തെറി ഉണ്ടായത്. അപകടത്തില്‍ ആറ് പേരാണ് തല്‍ക്ഷണം മരിച്ചത്. 17 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പൊള്ളലേറ്റ പലരുടേയും നില അതീവഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

പ്ലാന്റിലെ രണ്ടാമത്തെ യൂണിറ്റിലുള്ള പവര്‍ പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. കരാര്‍ ജോലിക്കാരും സ്ഥിരം തൊഴിലാളികളും അടക്കം നിരവധി പേര്‍ അപകടസമയത്ത് പ്ലാന്റില്‍ ജോലിയിലുണ്ടായിരുന്നു. മൂന്ന് മാസത്തിനിടെ പ്ലാന്റിലുണ്ടായ രണ്ടാമത്തെ അപകടമാണ് ഇത്.

Exit mobile version