‘കൊറോണില്‍’ മരുന്ന് കൊവിഡിനെ ചികിത്സിച്ച് ഭേദപ്പെടുത്തുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല; വിമര്‍ശനം കടുത്തതോടെ മലക്കം മറിഞ്ഞ് പതഞ്ജലി

ന്യൂഡല്‍ഹി: കൊറോണില്‍ മരുന്ന് കൊവിഡിനെ ചികിത്സിച്ച് ഭേദപ്പെടുത്തുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് പതഞ്ജലി കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആചാര്യ ബാലകൃഷ്ണന്‍. വിമര്‍ശനം കടുത്തതോടെയാണ് മലക്കം മറച്ചില്‍. ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അനുകൂല ഫലങ്ങള്‍ പങ്കിടുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറയുന്നു.

കൊവിഡ് ദിവസങ്ങള്‍ക്കുള്ളില്‍ സുഖപ്പെടുമെന്നും 280-ഓളം രോഗികളില്‍ ഇത് പരീക്ഷിച്ച് വിജയം കണ്ടെത്തിയെന്നും അവകാശപ്പെട്ട് കഴിഞ്ഞ ആഴ്ചയാണ് ബാബ രാംദേവും ആചാര്യ ബാലകൃഷ്ണയും കൊറോണില്‍ എന്ന ആയുര്‍വേദ മരുന്ന് പുറത്തിറക്കിയത്. ഇതിന് പിന്നാലെ ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിച്ചുള്ള മരുന്നിന്റെ പരസ്യം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊവിഡ് ഭേദപ്പെടുത്തുമെന്ന് പറഞ്ഞിട്ടില്ലെന്ന് ന്യായീകരിച്ച് രംഗത്തെത്തിയത്.

‘കൊറോണയെ സുഖപ്പെടുത്താനോ നിയന്ത്രിക്കാനോ മരുന്നിന് (കൊറോണില്‍) കഴിയുമെന്ന് ഞങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ഞങ്ങള്‍ മരുന്നുകള്‍ ഉണ്ടാക്കി, കൊറോണ രോഗികളെ സുഖപ്പെടുത്തുന്ന ക്ലിനിക്കല്‍ നിയന്ത്രിത ട്രയലില്‍ അവ ഉപയോഗിച്ചുവെന്ന് ഞങ്ങള്‍ പറഞ്ഞു. അതില്‍ യാതൊരു ആശയ കുഴപ്പവുമില്ല.’ ആചാര്യ ബാലകൃഷ്ണ പറയുന്നു. സര്‍ക്കാര്‍ കമ്പനിക്ക് നോട്ടീസ് അയച്ചതിന് പിന്നാലെ രോഗപ്രതിരോധം വര്‍ധിപ്പിക്കുന്നതിനും ചുമയും പനിയും ഭേദമാക്കുന്നതിനുമുള്ള മരുന്നിന് വേണ്ടി പതഞ്ജലി ലൈസന്‍സിന് അപേക്ഷിച്ചിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു.

കൊറോണ കിറ്റുകളെ സംബന്ധിച്ചൊന്നും അപേക്ഷയിലില്ല. ഇവര്‍ പുറത്തിറക്കിയ കൊറോണിലിന്റെ സാമ്പിളുകളും മറ്റും പരിശോധനയ്ക്കായി എടുത്തിട്ടുണ്ടെന്നും ഉത്തരാഖണ്ഡ് ആയുര്‍വേദ വകുപ്പും അറിയിച്ചു. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കായി സ്വകാര്യ ഉടമസ്ഥതയിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസുമായും ജയ്പൂരിലെ നിംസ് സര്‍വകലാശാലയുമായും കമ്പനി സഹകരിച്ചുവെന്ന് രാംദേവ് പറഞ്ഞിരുന്നു.

Exit mobile version