മലമ്പാമ്പിന്റെ വാലില്‍ പിടിച്ച് വലിച്ച് വീഡിയോ എടുത്തു; ആറുപേര്‍ക്കെതിരെ കേസ്, 5000 രൂപ പിഴയും

കോയമ്പത്തൂര്‍: മലമ്പാമ്പിന്റെ വാലില്‍ പിടിച്ച് വലിച്ച് വീഡിയോ എടുത്ത യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. 5000 രൂപ പിഴയും ഇട്ടു. കോവൈ കുറ്റാലത്ത് അനധികൃതമായി കാറില്‍ സന്ദര്‍ശനം നടത്തുകയും മലമ്പാമ്പിനെ ഉപദ്രവിക്കുകയുമായിരുന്നു. വനപാലകരാണ് ആറു യുവാക്കളെയും പിടികൂടിയത്.

കോയമ്പത്തൂര്‍ നരസിപുരത്തെ മനോജ് (25), വിജയ് (27) എന്നിവരും മറ്റു നാലുപേരുമാണ് പിടിയിലായത്. കോവൈ കുറ്റാലത്തെ വനഭദ്ര കാളി അമ്മന്‍ ക്ഷേത്രം സന്ദര്‍ശിക്കാന്‍ പോയതായിരുന്നു യുവാക്കള്‍. സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് മലമ്പാമ്പ് റോഡ് മുറിച്ചു കടക്കുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഹരംകയറിയ യുവാക്കള്‍ മലമ്പാമ്പിനെ വാലില്‍ പിടിച്ച് വലിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. വേദനിച്ചപ്പോള്‍ മലമ്പാമ്പ് പിടയുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തെങ്കിലും യുവാക്കള്‍ ഉപദ്രവം തുടരുകയായിരുന്നു.

സുഹൃത്തുക്കള്‍ മൊബൈലില്‍ രംഗങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഇതോടെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. കേസെടുത്ത ശേഷം, കോയമ്പത്തൂര്‍ ഡിഎഫ്ഓ വെങ്കിടേഷിന്റെ നിര്‍ദ്ദേശമനുസരിച്ച് 5000 രൂപ വീതം പിഴ ഈടാക്കിയ ശേഷം യുവാക്കള്‍ക്ക് മുന്നറിയിപ്പുനല്‍കി വിട്ടയക്കുകയായിരുന്നു.

Exit mobile version