കൊവിഡിനൊപ്പം രാജ്യതലസ്ഥാനത്ത് വെട്ടുകിളി ഭീതിയും; ജാഗ്രതാനിര്‍ദേശം

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. അതിനിടയില്‍ ഇപ്പോഴിതാ ഇരട്ടി പ്രഹരമായി വെട്ടുകിളി ഭീതിയും. അതിര്‍ത്തി പ്രദേശമായ ഗുരുഗ്രാമില്‍ നിന്ന് വെട്ടുകിളികള്‍ നീങ്ങുന്നതിനാല്‍ ദക്ഷിണ ഡല്‍ഹിയിലും പശ്ചിമ ഡല്‍ഹിയിലും ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുകയാണ് അധികൃതര്‍.

കഴിഞ്ഞ ദിവസം രാവിലെയാണ് വെട്ടുകിളികള്‍ ഗുരുഗ്രാമില്‍ എത്തിയത്. പടിഞ്ഞാറ് കിഴക്ക് ദിശയില്‍ ആയി പല വഴിക്കായാണ് ഇവ നീങ്ങുന്നത്. ദക്ഷിണ ഡല്‍ഹിയിലെ അസോള ഭട്ടിയില്‍ വെട്ടുകിളികള്‍ ഇതിനോടകം എത്തിച്ചേര്‍ന്നു. ഡല്‍ഹിലേക്ക് ഇവ പ്രവേശിച്ചു കഴിഞ്ഞാല്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെ കുറിച്ച് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

വാതിലുകളും ജനാലകളും അടച്ചിടണം, വലിയ ശബ്ദങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ട സംവിധാനങ്ങള്‍ ഒരുക്കിവെക്കണം, കൃഷിയിടങ്ങളില്‍ കീടനാശിനികള്‍ തളിക്കാനുള്ള ഉപകരണങ്ങള്‍ ഒരുക്കി വയ്ക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഡല്‍ഹി കൃഷിമന്ത്രി ഗോപാല്‍ റായിയുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.

അതേസമയം രാജ്യത്ത് വെട്ടുകിളി ആക്രമണം ഉണ്ടായ സംസ്ഥാനങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായതായി കേന്ദ്ര കാര്‍ഷിക മന്ത്രാലയം അറിയിച്ചു. വെട്ടുകിളികള്‍ ആദ്യം എത്തിയ രാജസ്ഥാനില്‍ ആണ് കൂടുതലായും ഡ്രോണ്‍ ഉപയോഗിക്കുന്നത്. നിയമപ്രകാരം ഡ്രോണ്‍ ഉപയോഗിച്ച് വെട്ടുകിളികളെ നേരിടുന്ന ആദ്യ രാജ്യം കൂടിയാണ് ഇന്ത്യ. നിലവില്‍ വെട്ടുകിളി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 60 സംഘങ്ങളും 12 ഡ്രോണുകളും ആണ് പ്രവര്‍ത്തിക്കുന്നത്. ഉത്തരേന്ത്യയില്‍ മെയ് മാസം മുതലാണ് വെട്ടുകിളി ആക്രമണം ഉണ്ടായത്.

Exit mobile version