നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കര്‍ണാടക; ഞായറാഴ്ചകളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍; രാത്രി എട്ടുമുതല്‍ കര്‍ഫ്യൂ

ബെംഗളൂരു: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കര്‍ണാടകത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ജൂലൈ അഞ്ച് മുതല്‍ എല്ലാ ഞായറാഴ്ചയും കര്‍ണാടകത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. തിങ്കള്‍ മുതല്‍ രാത്രി എട്ടുമുതല്‍ രാവിലെ അഞ്ചുവരെ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ജൂലൈ 10 മുതല്‍ എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായിരിക്കും.

രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബെംഗളുരുവില്‍ കൂടുതല്‍ ചന്തകള്‍ അടച്ചിടും. ചികിത്സക്കായി കൂടുതല്‍ കൊവിഡ് സെന്ററുകള്‍ തുടങ്ങാനും തീരുമാനമായി. കല്ല്യാണ ഹാളുകള്‍ , ഹോസ്റ്റലുകള്‍ അടക്കമുള്ള വലിയ കെട്ടിടങ്ങള്‍ കൊവിഡ് കെയര്‍ സെന്ററുകളാക്കും.

കര്‍ണാടകത്തില്‍ ഇന്ന് 918 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ കേസുകളുടെ എണ്ണം 4441 ആയി ഉയര്‍ന്നു. 11 പേര്‍ ഇന്ന് കൊവിഡ് ബാധിച്ചു മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 191 ആയി. ഇന്ന് 371 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. അതെസമയം കേരളത്തില്‍ ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു.

കഴിഞ്ഞയാഴ്ച നല്‍കിയ ഇളവുകള്‍ പരിശോധിച്ചാണ് ഇനി അങ്ങോട്ടുള്ള ഞായര്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ തുടരേണ്ടെന്ന് സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലും മറ്റ് തീവ്രബാധിതമേഖലകളിലുമുള്ള എല്ലാ ജാഗ്രതാ നിര്‍ദേശങ്ങളും അതേപോലെ തുടരും. ഇവിടങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല.

Exit mobile version