അക്ഷയ്, നിങ്ങള്‍ പത്രം വായിക്കുന്നത് നിര്‍ത്തിയോ; പ്രെട്രോള്‍ വില കൂടിയത് അറിഞ്ഞില്ലേ!; പരിഹസിച്ച് മന്ത്രി

മുംബൈ: പെട്രോള്‍ വില റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നിട്ടും അതിനെതിരെ ഒരു അക്ഷരം പോലും പ്രതികരിക്കാതിരുന്ന ബോളിവുഡ് താരം അക്ഷയ് കുമാറിനെ പരിഹസിച്ച് മഹാരാഷ്ട്രയിലെ കാബിനറ്റ് മന്ത്രി ഡോ. ജിതേന്ദ്ര ഔഹാദ്. യുപിഎ ഭരണ കാലത്ത് ഇന്ധന വിലയില്‍ പ്രതിഷേധിച്ച് അക്ഷയ് കുമാര്‍ ഇട്ട ട്വീറ്റ് റീട്വീറ്റ് ചെയ്താണ് മന്ത്രി പരിഹസിച്ചത്.

‘വില കുതിച്ചുയരും മുമ്പ് പെട്രോള്‍ വാങ്ങാന്‍ മുംബൈയിലെ ജനം രാത്രി മുഴുവന്‍ ക്യൂ നില്‍ക്കുന്നതിനാല്‍ എന്റെ വീട്ടിലേക്ക് പ്രവേശിക്കുന്നതിനുപോലും കഴിയുന്നില്ല’ എന്നായിരുന്നു 2011 മെയ് 16ന് അക്ഷയ് കുമാര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഈ ട്വീറ്റിന് മറുപടിയായാണ് ജിതേന്ദ്ര ഔഹാദ് ഇന്നലെ ട്വിറ്ററില്‍ പ്രതികരിച്ചത്.

‘നിങ്ങള്‍ ട്വിറ്ററില്‍ സജീവമല്ലേ.. കാര്‍ ഉപയോഗിക്കുന്നത് നിര്‍ത്തിയോ…നിങ്ങള്‍ പത്രങ്ങളൊന്നും വായിക്കുന്നില്ലേ…അക്ഷയ്, പെട്രോള്‍-ഡീസല്‍ വില കുതിച്ചുയരുകയാണ്. നിങ്ങള്‍ അറിയാന്‍ വേണ്ടി പറഞ്ഞെന്നുമാത്രം.’ -മന്ത്രി ട്വീറ്റ് ‘കുത്തിപൊക്കി’ മറുപടി നല്‍കി.

‘കൂട്ടുകാരേ..നിങ്ങളുടെ സൈക്കിളുകള്‍ ക്ലീന്‍ ചെയ്ത് റോഡിലേക്കിറക്കിക്കൊള്ളൂ..ലഭിക്കുന്ന സൂചനയനുസരിച്ച് പെട്രോള്‍ വിലയില്‍ മറ്റൊരു വര്‍ധന കൂടി പ്രതീക്ഷിക്കുന്നു’ എന്ന് 2012 ഫെബ്രുവരി 27ന് അക്ഷയ് കുമാര്‍ വീണ്ടും ട്വീറ്റ് ചെയ്തിരുന്നു. എന്‍ഡിഎ ഭരണത്തിലേറിയതിന് ശേഷം ഇന്ധന വില വര്‍ധിച്ചപ്പോള്‍ അക്ഷയ് കുമാര്‍ അടക്കം ബോളിവുഡ് നടന്മാര്‍ ഇതിനെതിരെ പ്രതികരിച്ചിട്ടില്ല. ഇതിനെയാണ് മന്ത്രി വിമര്‍ശിച്ചത്.

അമിതാഭ് ബച്ചെന്റ പഴയ ട്വീറ്റും ജിതേന്ദ്ര ഔഹാദ് വെള്ളിയാഴ്ച്ച ട്വിറ്ററില്‍ ‘കുത്തിപ്പൊക്കിയിരുന്നു. ‘പെട്രോള്‍ വിലയില്‍ 7.5 രൂപയുടെ വര്‍ധന. പമ്പിലെത്തിയപ്പോള്‍ അറ്റന്‍ഡന്റ് -എത്ര രൂപക്ക് അടിക്കണം?. മുംബൈക്കാരന്‍ -2-4ന് രൂപക്ക് കാറിന്റെ മുകളില്‍ ഒന്നു സ്‌പ്രേ ചെയ്താല്‍ മതി. കത്തിക്കാനാണ്’ എന്ന ബച്ചന്റെ 2012ലെ ട്വീറ്റിന് മറുപടിയായി ‘അമിതാഭ്, നിങ്ങള്‍ പിന്നീട് കാറില്‍ പെട്രോള്‍ അടിച്ചിട്ടില്ലേ..അല്ലെങ്കില്‍ ബില്ലിലേക്ക് നോക്കാത്തതാണോ. പക്ഷപാതിയല്ലെങ്കില്‍ ഇതാണ് അഭിപ്രായം പറയാനുള്ള സമയം. പെട്രോള്‍ വില മൂര്‍ധന്യത്തിലാണ്. ഞങ്ങള്‍ മുംബൈക്കാര്‍ എന്തു ചെയ്യണം..കാര്‍ കത്തിക്കണോ അതോ ഓടിക്കണോ’ എന്നായിരുന്നു ബച്ചനോടുള്ള മന്ത്രി ജിതേന്ദ്ര ഔഹാദിന്റെ മറുപടി.

Exit mobile version