സാമൂഹിക അകലം ഇല്ല, കൂട്ടം കൂടിയത് നൂറുക്കണക്കിന് ആളുകള്‍; സുപ്രീംകോടതി നിര്‍ദേശത്തിന് പുല്ലുവില കല്‍പ്പിച്ച് പുരി രഥയാത്ര

ഭുവനേശ്വര്‍: സുപ്രീംകോടതി നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര. സാമൂഹിക അകലവും ഇല്ലാതെ നൂറുകണക്കിന് ആളുകളാണ് രഥയാത്രയില്‍ പങ്കെടുത്തത്. ജനപങ്കാളിത്തം ഇല്ലാതെ കടുത്ത നിയന്ത്രണങ്ങളില്‍ ചടങ്ങ് മാത്രമായി രഥയാത്ര നടത്തണമെന്ന സുപ്രീം കോടതി നിര്‍ദേശത്തിന് കടകവിരുദ്ധമായാണ് രഥയാത്ര നടത്തിയത്.

പുരി ജഗന്നാഥ ക്ഷേത്രത്തിന് പുറത്തായി നൂറ് കണക്കിന് ആളുകളാണ് കൂട്ടം കൂട്ടി രഥയാത്രയ്ക്ക് തയ്യാറെടുത്ത് നിന്നത്. മാസ്‌ക്കോ സാമൂഹ്യ അകലമോ പാലിക്കാതെ നിയന്ത്രണങ്ങള്‍ പാടെ തള്ളിയാണ് രഥയാത്ര നടത്തിയത്. സംഭവത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു.

ഭഗവാന്റെ വിഗ്രഹം രഥത്തിലേറ്റാനും രഥം മുന്നോട്ടു കൊണ്ടുപോകാനുമായി ആളുകളുടെ തിക്കും തിരക്കുമാണ് തുടക്കത്തില്‍ അനുഭവപ്പെട്ടത്. ശേഷം പോലീസുകാരുടെ ഇടപെടലില്‍ രഥം തള്ളുന്നവരുടെ എണ്ണം കുറയ്ക്കുകയായിരുന്നു. പോലീസുകാരും ക്ഷേത്ര അധികൃതരുമായിരുന്നു രഥം തള്ളാനായി നിന്നത്. മറ്റുള്ള മുഴുവന്‍ ആളുകളും കൂട്ടത്തോടെ രഥത്തിന് മുന്‍പിലായി നടക്കുകയായിരുന്നു.

ജനപങ്കാളിത്തമില്ലാതെ രഥയാത്ര നടത്താനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന പരിപാടി ആയതുകൊണ്ട് തന്നെ കൊവിഡ് പശ്ചാത്തലത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നതിനാലായിരുന്നു സുപ്രീം കോടതി നല്‍കിയ നിര്‍ദേശം.

Exit mobile version