കടലില്‍ ഒഴുകി നടന്ന് വീപ്പ; കരയ്‌ക്കെത്തിച്ച് തുറന്നപ്പോള്‍ ഒരു കോടി വിലമതിക്കുന്ന 78 കിലോ ലഹരിമരുന്ന്; സംഭവം തമിഴ്‌നാട്ടില്‍

ചെന്നൈ: കടലില്‍ ഒഴുകി നടന്ന വീപ്പ കരയ്‌ക്കെത്തിച്ച് നോക്കിയപ്പോള്‍ കണ്ടത് ഒരു കോടിയോളം വിലമതിക്കുന്ന ലഹരി വസ്തുക്കള്‍. തമിഴ്‌നാട് മാമപുരത്ത് ആണ് സംഭവം. മീന്‍ പിടിക്കാന്‍ കടലില്‍പോയവരുടെ വലയിലാണ് വീപ്പ കുടുങ്ങിയത്. മാലിന്യ വീപ്പയെന്നു കരുതി കടലില്‍ തന്നെ തള്ളാനാണ് ആദ്യം മല്‍സ്യത്തൊഴിലാളികള്‍ ശ്രമിച്ചത്. എന്നാല്‍, അറിയാത്ത ഭാഷയില്‍ വീപ്പയില്‍ നിറയെ എഴുതിയിരിക്കുന്നത് കണ്ടതിനു പിന്നാലെ കോസ്റ്റല്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഇവരുടെ നേതൃത്വത്തില്‍ വീപ്പ തുറന്നപ്പോള്‍ കണ്ടത്, 78 കിലോ മെതാംഫെറ്റമീന്‍ ആണെന്ന് കണ്ടെത്തുകയായിരുന്നു. വീപ്പയ്ക്കുള്ളില്‍ 78 പാക്കറ്റുകളാണ് കണ്ടെത്തിയത്. ശുദ്ധീകരിച്ച ചൈനീസ് ചായപൊടിയെന്നാണ് ഇംഗ്ലീഷിലും ചൈനീസ് ഭാഷയിലും എഴുതിയിരുന്നത്.

വെളുത്ത പൊടി ചെന്നൈയിലെ ഫോറന്‍സിക് ലാബില്‍ അയച്ചു പരിശോധിച്ചതോടെ ചായപ്പൊടി മാരക ലഹരിമരുന്നാണെന്ന് വ്യക്തമായി. ഗ്രാമിന് തന്നെ ആയിരങ്ങള്‍ വിലവരുന്ന മെറ്റാമെത്താമിനാണ് ഇവയെന്നാണ് വ്യക്തമായത്. ചെന്നൈ തുറമുഖം വഴി വിദേശങ്ങളിലേക്ക് കയറ്റി അയക്കുന്നതിനായി എത്തിച്ചതാകാമെന്നാണ് നിഗമനം.

Exit mobile version