യോഗയും ആരോഗ്യവും പരസ്പരപൂരകങ്ങള്‍, രോഗപ്രതിരോധ ശേഷിയും വര്‍ധിപ്പിക്കും; യോഗി ആദിത്യനാഥ്

ലക്‌നൗ: യോഗയും ആരോഗ്യവും പരസ്പര പൂരകങ്ങളാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിത്യവും യോഗ പരിശീലിക്കുന്നവര്‍ക്ക് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് ഓണ്‍ലൈന്‍ യോഗ വര്‍ക്ക്‌ഷോപ്പില്‍ സംസാരിക്കവേയാണ് യോഗി ആദിത്യനാഥിന്റെ പരാമര്‍ശം. മഹാറണ പ്രതാപ് ശിക്ഷ പരിഷതും മഹായോഗി ഗോരക്ഷനാഥ് യോഗ ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായിട്ടാണ് ഓണ്‍ലൈന്‍ യോഗ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചത്.

യോഗി ആദിത്യനാഥിന്റെ വാക്കുകള്‍ ഇങ്ങനെ;

ഒരു വ്യക്തയില്‍ ശക്തമായ രോഗപ്രതിരോധ ശേഷി ഉണ്ടായിരുന്നാല്‍ ഏതൊരു വിധത്തിലുള്ള വൈറസ് ബാധയില്‍ നിന്നും രക്ഷ നേടാന്‍ സാധിക്കും. കൊറോണ വൈറസിനെ ആരും ഭയപ്പെടേണ്ട കാര്യമില്ല. കൊറോണ വൈറസില്‍ നിന്ന് സ്വയം പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണ്. കുട്ടികള്‍, പ്രായമായവര്‍, ഏതെങ്കിലും രോഗം ബാധിച്ചവര്‍ എന്നിവര്‍ക്കാണ് രോഗം പകരാന്‍ കൂടുതല്‍ സാധ്യത.

യോഗയുടെ പ്രവര്‍ത്തന വശം എല്ലാ പ്രായത്തിലുമുള്ള വ്യക്തികള്‍ക്ക് ഉപയോഗപ്രദമാണ്. ഇതിലൂടെ ഒരുവന് ശാരീരികവും മാനസികവുമായ ആരോഗ്യം നേടിയെടുക്കാന്‍ സാധിക്കും. മാത്രമല്ല, ആത്മീയ ലോകത്തിന്റെ രഹസ്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കും. ആത്മീയ ലോകത്തെക്കുറിച്ചറിയാന്‍ ആരോഗ്യമുള്ള മനസ്സും ശരീരവും അത്യാവശ്യമാണ്. അത് യോഗയിലൂടെ മാത്രമേ സാധ്യമാകൂ. അതിനാല്‍ എല്ലാവരും യോഗ തങ്ങളുടെ ദിനചര്യയില്‍ ഉള്‍പ്പെടുത്തണം.

Exit mobile version