ജൂണ്‍ 21 അന്താരാഷ്ട്ര യോഗാ ദിനം; കുടുംബാംഗങ്ങള്‍ക്കൊപ്പം യോഗ ചെയ്യണം, ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: അന്തര്‍ദേശീയ യോഗാ ദിനത്തില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം വീട്ടിലിരുന്ന് യോഗ ചെയ്യാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മന്‍ കി ബാത്തിലൂടെയാണ് എന്റെ ജീവിതം എന്റെ യോഗ എന്ന വിഷയം മുമ്പോട്ട് വച്ചുകൊണ്ട് മോഡി ജനങ്ങളെ ആഹ്വാനം ചെയ്തത്. ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ വീടുകളില്‍ സജീവമായി ആരോഗ്യത്തോടെ തുടരാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

ജൂണ്‍ 21 നാണ് അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്നത്. ‘കുടുംബാംഗങ്ങള്‍ക്കൊപ്പം വീടുകളില്‍ യോഗ’ എന്നാണ് ഈ വര്‍ഷത്തെ യോഗാദിന വിഷയം. കൊറോണ വൈറസ് മഹാമാരി വ്യാപിച്ചതിനെ തുടര്‍ന്നാണ് വീടുകളില്‍ അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കാനുള്ള തീരുമാനം. ‘കൊവിഡ് വ്യാപനത്തിന്റെ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കൂട്ടം കൂടി യോഗ ചെയ്യുക എന്നത് ഉചിതമല്ല. അതിനാല്‍ ഈ വര്‍ഷം കുടുംബാംഗങ്ങള്‍ക്കൊപ്പം വീടുകളിലിരുന്ന് യോഗ ചെയ്യാന്‍ മന്ത്രാലയം ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്.’ ആയുഷ് മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

ഒപ്പം മൈ ലൈഫ്, മൈ യോഗ എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി വീഡിയോ ബ്ലോഗിംഗ് മത്സരത്തെക്കുറിച്ചും അറിയിപ്പുണ്ട്. യോഗ ചെയ്യുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്ത് ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോഡി പൗരന്‍മാരെ ക്ഷണിക്കുന്നുമുണ്ട്. ആയുഷ് മന്ത്രാലയത്തിന്റെ സമൂഹമാധ്യമ പേജുകളില്‍ തത്സമയമാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

Exit mobile version