മറാഠാ, ഭീമ- കോറേഗാവ് പ്രക്ഷോഭം:കേസുകള്‍ പിന്‍വലിക്കുന്നു

മറാഠാ സമുദായത്തിന് 16 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള ബില്‍ പാസാക്കിയതിനു പിന്നാലെയാണ് കേസുകള്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്

മുംബൈ: മറാഠാസംവരണ പ്രക്ഷോഭവുമായും ഭീമ കോറേഗാവ് പ്രക്ഷോഭവുമായും ബന്ധപ്പെട്ട് എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങി.അതിഗൗരവ സ്വഭാവമുള്ളത് ഒഴികെയുള്ള കേസുകള്‍ പിന്‍വലിക്കാനാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

മറാഠാ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 543 കേസാണ് എടുത്തിട്ടുള്ളത്.ഇതില്‍ ഗൗരവ സ്വഭാവമുള്ള 46 കേസുകള്‍ ഒഴികെയുള്ളതെല്ലാം പിന്‍വലിക്കാനാണ് തീരുമാനം.ഭീമ കോറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൊത്തം 655 കേസുകളെടുത്തിട്ടുണ്ട്.ഇതില്‍ 63 എണ്ണം ഗൗരവമുള്ളതാണ്. ബാക്കിയുള്ളവയില്‍ ഭൂരിപക്ഷവും പിന്‍വലിക്കും.

117 കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.അവ പിന്‍വലിക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കും.314 കേസുകളില്‍ അന്വേഷണം നടക്കുന്നേയുള്ളൂ.ഭീമ കോറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകളില്‍ 159 എണ്ണം പിന്‍വലിച്ചുകഴിഞ്ഞു.

കുറ്റപത്രം നല്‍കിയ 275 കേസുകള്‍ പിന്‍വലിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. മറാഠാ സംവരണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിനിടെ 40 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.ഇതുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണിതെന്ന് വിമര്‍ശനമുണ്ടാവുമെങ്കിലും ജീവന്‍ നഷ്ടമായവരുടെ ബന്ധുക്കള്‍ കഷ്ടപ്പെടാന്‍പാടില്ലെന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version