കൊവിഡ് മുക്തന് പകരം വിട്ടയച്ചത് കൊവിഡ് രോഗിയെ; വിനയായത് പേരിലെ സാമ്യം, സംഭവിച്ചത് ഗുരുതര വീഴ്ച

covid updates | Bignewslive

ദിസ്പുര്‍: കൊവിഡ് മുക്തന് പകരം വിട്ടയച്ചത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള രോഗിയെ. പേരിലെ സാമ്യമാണ് പിഴവിന് കാരണമായത്. അസമിലെ ദറാങ് ജില്ലയിലെ മംഗല്‍ദായി സിവില്‍ ആശുപത്രി അധികൃതര്‍ക്കാണ് പാളിച്ച സംഭവിച്ചത്. സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ജില്ലാ ഭരണകൂടം ഉത്തരവിടുകയും ചെയ്തു. സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മംഗല്‍ദായി സിവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊവിഡ് രോഗികളില്‍ രോഗമുക്തി നേടിയവരെ വിട്ടയക്കാന്‍ അധികൃതര്‍ നല്‍കിയ 14 പേരുടെ പട്ടികയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

രണ്ട് രോഗികള്‍ക്കും ഒരേ പേര് കുഴപ്പിക്കുകയായിരുന്നു. രണ്ട് രോഗികളും ദറാങ്ങിലെ ദല്‍ഗാവ് സ്വദേശികളാണ്. ഒരു രോഗി ജൂണ്‍ മൂന്ന് മുതലും അതേ പേരുള്ള മറ്റൊരു രോഗി ജൂണ്‍ അഞ്ച് മുതലും ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഇതില്‍ ഒരാള്‍ കുടിയേറ്റ തൊഴിലാളിയാണ്. രോഗമുക്തി നേടിയ 14 പേരില്‍ ആറ് പേരെ ആദ്യം വിട്ടയയ്ക്കാനായിരുന്നു അധികൃതരുടെ തീരുമാനം.

ബുധനാഴ്ച അഞ്ച് പേരെ ആശുപത്രിയില്‍നിന്ന് വിട്ടയച്ചു. രോഗമുക്തി നേടിയ ആള്‍ക്ക് പകരം ആശുപത്രി വിട്ട കൊവിഡ് പോസിറ്റീവായ ആള്‍ ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ ആംബുലന്‍സില്‍ അയാളുടെ ഗ്രാമത്തിലെത്തിച്ചേര്‍ന്നു. സംഭവത്തില്‍ പാകപ്പിഴവ് കണ്ടെത്തി, ഉടന്‍ തന്നെ വിട്ടയച്ച രോഗിയെ വ്യാഴാഴ്ച തന്നെ ആശുപത്രിയില്‍ തിരികെയെത്തിച്ചു. ഭാഗ്യവശാല്‍ തിരികെയെത്തിച്ച രോഗിയും ഇപ്പോള്‍ നടത്തിയ പരിശോധനയില്‍ കൊവിഡ് നെഗറ്റീവായതായി ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ ദിലിപ് കുമാര്‍ അറിയിച്ചു.

Exit mobile version