‘പ്രിയമേറി പാര്‍ലെ ജി’ ലോക്ക് ഡൗണില്‍ ബിസ്‌ക്കറ്റിന് റെക്കോര്‍ഡ് വില്‍പന, പാര്‍ലെയുടെ ചരിത്രത്തില്‍ ആദ്യത്തെ വര്‍ധനവ്, ഇത് ബിസ്‌കറ്റല്ല, വികാരമാണെന്ന് സോഷ്യല്‍മീഡിയ

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ പാര്‍ലെ ജി ബിസ്‌ക്കറ്റിന് റെക്കോര്‍ഡ് വില്‍പ്പന. പാര്‍ലെയുടെ 40 വര്‍ഷത്തെ ചരിത്രത്തിലെ ആദ്യത്തെ റെക്കോര്‍ഡ് വില്‍പ്പനയാണിത്. പാര്‍ലെയുടെ വിപണി വിഹിതത്തില്‍ അഞ്ച് ശതമാനം വര്‍ധിച്ചതായ കമ്പനിയാണ് അറിയിച്ചത്. ഇതില്‍ 90 മുതല്‍ 95 ശതമാനം വരെ പാര്‍ലെ ജി ബിസ്‌കറ്റുകള്‍ക്കായിരുന്നുവെന്നും കമ്പനി വ്യക്തമാക്കുന്നു.

ഏപ്രില്‍-മെയ് മാസങ്ങളില്‍ പാര്‍ലെ ജിയുടെ വില്‍പനയില്‍ വലിയ വര്‍ധയുണ്ടായതായി പാര്‍ലെ പ്രൊഡക്സ് സീനിയര്‍ കാറ്റഗറി ഹെഡ് മയാങ്ക് ഷാ പറഞ്ഞു. ഗ്ലൂക്കോസ് അടങ്ങിയിട്ടുള്ള പാര്‍ലെ ജി ബിസ്‌കറ്റ് സര്‍ക്കാര്‍ ഏജന്‍സികളും സന്നദ്ധ സംഘടനകളും വിതരണം ചെയ്ത ഭക്ഷ്യ കിറ്റുകളില്‍ ഉള്‍പ്പെടുത്തിയതും വില്‍പന വര്‍ധിക്കാന്‍ കാരണമായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ പ്രതികരണവുമായി ബോളിവുഡ് താരം രണ്‍ദീപ് ഹൂഡയും രംഗത്തെത്തി. ‘എന്റെ ജീവിതം മുഴുവന്‍ ഊര്‍ജ്ജസ്വലമാക്കിയത് ചായയും പാര്‍ലെ ജിയുമാണ്. പാര്‍ലെ ജിയുടെ പാക്കിങ് പ്ലാസ്റ്റിക് ഇതര വസ്തുക്കള്‍കൊണ്ടായാല്‍ മാത്രം എത്രത്തോളും പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമോ? അത്രത്തോളമാണ് അതിന്റെ ജനപ്രീതി. ഇപ്പോഴതിന്റെ വില്‍പന ഉയര്‍ന്നിരിക്കുന്നു. നല്ല ഒരു നാളേക്കായി ഇനിയും എന്തെല്ലാം ചെയ്യുമെന്ന് കാത്തിരുന്ന് കാണാം’. അദ്ദേഹം ട്വീറ്റ് ചെയ്തു.

പാര്‍ലെ ജി വെറുമൊരു ബിസ്‌കറ്റല്ല അതൊരു വികാരമാണെന്നും 90 കളില്‍ ജനിച്ച കുട്ടികള്‍ക്ക് പാര്‍ലെയെ മറക്കാനാവില്ലെന്നും, പാര്‍ലെ ജിയുടെ കവറിലെ പെണ്‍കുട്ടിയായിരിക്കാം നിങ്ങളുടെ ആദ്യ പ്രണയമെന്നും തുടങ്ങിയ നിരവധി അഭിപ്രായങ്ങളും മറ്റുമാണ് സോഷ്യല്‍മീഡിയയിലും നിറയുന്നത്.

Exit mobile version