കൊവിഡ് 19 നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് തെറ്റ് സംഭവിച്ചിരിക്കാം; സമ്മതിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ; രാഹുല്‍ ഗാന്ധി എന്താണ് ചെയ്തതെന്ന് ചോദ്യം

ന്യൂഡല്‍ഹി: കൊവിഡ് 19നെ നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് തെറ്റ് സംഭവിച്ചിട്ടുണ്ടാകാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒഡീഷയില്‍ സംഘടിപ്പിച്ച വെര്‍ച്വല്‍ റാലിയില്‍ സംസാരിക്കുകവെയാണ് അദ്ദേഹം തെറ്റ് സംഭവിച്ചുവെന്ന് തുറന്ന് സമ്മതിച്ചത്. ‘ കൊവിഡിനെ നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് ചിലപ്പോള്‍ തെറ്റ് സംഭവിച്ചിരിക്കാം. പക്ഷെ സര്‍ക്കാരിന് എപ്പോഴും പ്രതിബദ്ധതയുണ്ട്,’ അമിത് ഷാ പറയുന്നു.

അതേസമയം, വിദേശത്തിരുന്ന് കൊവിഡിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്ന രാഹുല്‍ ഗാന്ധി എന്താണ് ചെയ്തതെന്നും അദ്ദേഹം സംസ്ഥാനത്തെ അഭിസംബോധന ചെയ്ത് കൊണ്ട് ചോദിക്കുകയും ചെയ്തു. കേരളം, ഒഡീഷ, പശ്ചിമബംഗാള്‍ തുടങ്ങി എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രം നിര്‍ദേശങ്ങള്‍ ചോദിച്ചിരുന്നെന്നും അമിത് ഷാ പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങളും മികച്ച രീതിയിലാണ് കൊവിഡിനെ നേരിട്ടതെന്നും കേന്ദ്രം ഒപ്പം നിന്നുവെന്നും അദ്ദേഹം പറഞ്ഞു. മോഡി സര്‍ക്കാരിന്റെ കാലത്ത് ദേശീയ സുരക്ഷയിലും പാകിസ്താനില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കുകളിലടക്കം നിരവധി മുന്നേറ്റങ്ങളുണ്ടാക്കാന്‍ സാധിച്ചുവെന്നും അമിത് ഷാ പറയുന്നു.

Exit mobile version