സ്ഥിര താമസക്കാരനല്ല എന്നതിന്റെ പേരില്‍ ആര്‍ക്കും ചികിത്സ നിഷേധിക്കാനാവില്ല; കെജരിവാളിനെ തള്ളി ലഫ്. ഗവര്‍ണര്‍

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ആശുപത്രികളിലും ചില സ്വകാര്യ ആശുപത്രികളിലും കൊവിഡ് ചികിത്സ ഡല്‍ഹി സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പ്രഖ്യാപനത്തെ തള്ളി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍. വിവേചനം കൂടാതെ എല്ലാ രോഗികള്‍ക്കും ഡല്‍ഹിയില്‍ ചികിത്സ നല്‍കുമെന്നും സ്ഥിര താമസക്കാരനല്ല എന്നതിന്റെ പേരില്‍ ആര്‍ക്കും ചികിത്സ നിഷേധിക്കാനാവില്ലെന്നുമാണ് ലഫ്. ഗവര്‍ണര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയത്.

ചികിത്സയ്ക്കുള്ള അവകാശം പൗരന്റെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കുന്ന വിവിധ സുപ്രീം കോടതി ഉത്തരവുകള്‍ ചൂണ്ടിക്കാട്ടിയാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ പുതിയ ഉത്തരവിറക്കിയിട്ടുള്ളത്. എല്ലാ സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികളും നഴ്സിങ് ഹോമുകളും ഡല്‍ഹിയില്‍ സ്ഥിര താമസക്കാരനാണോ അല്ലയോ എന്ന വിവേചനം കൂടാതെ എല്ലാവര്‍ക്കും കൊവിഡ് ചികിത്സ നല്‍കണമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്.

കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികളിലും സ്പെഷ്യലൈസ്ഡ് അല്ലാത്ത സ്വകാര്യ ആശുപത്രികളിലും കൊവിഡ് ചികിത്സ ഡല്‍ഹി സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസം കെജരിവാള്‍ നടത്തിയത്. ഡല്‍ഹി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള 10,000 കിടക്കകള്‍ ഡല്‍ഹി സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും അതേസമയം കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആശുപത്രികളില്‍ ആര്‍ക്കും ചികിത്സ തേടാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം ഡല്‍ഹിയില്‍ ഈ മാസം അവസാനത്തോടെ ഒരു ലക്ഷം കൊവിഡ് കേസുകള്‍ ഉണ്ടായേക്കാമെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. ഇങ്ങനെ സംഭവിച്ചാല്‍ ജൂലൈ പകുതിയോടെ 42,000 ത്തോളം കിടക്കകള്‍ ആവശ്യമായി വരുമെന്നും അവര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. രാജ്യത്ത് കൊവിഡ് വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ച മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ സ്ഥിതിയും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി കമ്മിറ്റി നിരീക്ഷിച്ചു.

Exit mobile version