ജനങ്ങള്‍ക്കായി അഹോരാത്രം പ്രവര്‍ത്തിച്ച് കളക്ടര്‍ ദിവ്യ ദേവരാജന്‍; മാറ്റം കിട്ടി പോയപ്പോള്‍ ഗ്രാമത്തിന് കളക്ടറുടെ പേര് നല്‍കി ഗ്രാമവും, വ്യത്യസ്തം ഈ നന്ദി പ്രകടനം

തെലങ്കാന: ജനങ്ങള്‍ക്കായി അഹോരാത്രം പ്രവര്‍ത്തിച്ച കളക്ടര്‍ ദിവ്യ ദേവരാജനോടുള്ള നന്ദി പ്രകടനമെന്നോണം ഗ്രാമത്തിന് കളക്ടറുടെ പേര് നല്‍കി തെലങ്കാനയിലെ ആദിലാബാദ് ജില്ലയിലെ ഗ്രാമം. ദിവ്യഗുഡ എന്നാണ് ഗ്രാമത്തിന് പ്രദേശവാസികള്‍ പേര് നല്‍കിയത്. 2010 ഐഎഎസ് ബാച്ചിലെ അംഗമാണ് ദിവ്യ. 2017 -ലാണ് തെലങ്കാനയിലെ ആദിലാബാദ് ജില്ലയില്‍ കളക്ടറായി ദിവ്യ ചുമതലയേറ്റത്.

ദിവ്യ തന്റെ ചുമതലകളിലേയ്ക്ക് കടക്കുമ്പോള്‍ അവിടെ വിവിധ ആദിവാസി വിഭാഗങ്ങള്‍ തമ്മിലുള്ള പോര് മുറുകിയിരിക്കുകയായിരുന്നു. ആ പോര് ഇല്ലാതാക്കാനും അവരുടെ ജീവിതം മെച്ചപ്പെടുത്താനും ദിവ്യ എടുത്തത് പറഞ്ഞാല്‍ തീരാത്ത അധ്വാനമാണ്. ഈ അധ്വാനമാണ് ദിവ്യഗുഡ എന്ന് ഗ്രാമത്തിന് പേര് നല്‍കാന്‍ കാരണമായതും. അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ ആദ്യം വേണ്ടത് അവരോട് തുറന്ന് സംസാരിക്കാനുള്ള അവസരമാണ് എന്ന് ആ കളക്ടര്‍ മനസിലാക്കി. അതിനായി പക്ഷേ, അവരുടെ പ്രാദേശികമായ ഭാഷ പഠിച്ചെടുക്കുകയാണ് ദിവ്യ ആദ്യം ചെയ്തത്.

ശേഷം അവരില്‍ ഒരാളായി ദിവ്യ മാറുകയും ചെയ്തു. ഓരോരുത്തരെയും ദിവ്യ നെഞ്ചിലേറ്റുകയും ചെയ്തു. വെറും മൂന്ന് മാസം കൊണ്ടാണ് ദിവ്യ അവരുടെ ഭാഷ കൈപിടിയില്‍ ഒതുക്കിയത്. കളക്ടര്‍ തങ്ങളുടെ ഭാഷ പഠിച്ചുവെന്നും അവരോട് എന്തും സംസാരിക്കാനുള്ള അനുവാദമുണ്ടെന്നും മനസിലാക്കിയതോടെ ഗ്രാമവാസികള്‍ അവരുടെ പ്രശ്‌നങ്ങള്‍ ദിവ്യക്ക് മുന്നില്‍ പറഞ്ഞു തുടങ്ങി.

വിദ്യാഭ്യാസമില്ലായ്മ, ശുചിത്വക്കുറവ്, ആരോഗ്യ പ്രശ്‌നങ്ങള്‍, ജലലഭ്യതയുടെ കുറവ് ഇങ്ങനെ പല പ്രശ്‌നങ്ങളാണ് ഗ്രാമത്തില്‍ ജനങ്ങള്‍ക്കുണ്ടായിരുന്നത്. എപ്പോഴും വിവിധ ആദിവാസി ഗ്രൂപ്പുകള്‍ പരസ്പരം രൂക്ഷമായ കലഹങ്ങള്‍ നിലനിന്നിരുന്ന ഗ്രാമം കൂടിയായിരുന്നു അത്. പലപ്പോഴും കര്‍ഫ്യൂ വരെ പ്രഖ്യാപിക്കേണ്ടതായി വന്നിട്ടുണ്ട്. ഇതിനെല്ലാം നിസാരമായി തന്നെ ദിവ്യ പരിഹാരം കാണുകയും ചെയ്തു.

തീര്‍ന്നില്ല, തൊഴിലാളികളായ അവര്‍ക്ക് അവര്‍ ചെയ്യുന്ന തൊഴിലിനുള്ള കൂലി കിട്ടുന്നുണ്ടോയെന്നുറപ്പിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും ദിവ്യയുടെ ഇടപെടല്‍ എത്തി. ഒപ്പം തന്നെ അവരുടെ സാംസ്‌കാരികമായ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് മുന്‍കൈയ്യെടുത്തു. പിന്തുണ നല്‍കി. എന്തൊക്കെ അവകാശങ്ങളും ആനുകൂല്യങ്ങളും അവര്‍ക്കുണ്ടെന്നും അതെങ്ങനെ നേടിയെടുക്കണമെന്നും ആ ഗ്രാമവാസികളെ ആ കളക്ടര്‍ ബോധവല്‍ക്കരിക്കുകയും ചെയ്തു. അങ്ങനെ അവരുടെ വികസനത്തിന് വഴിയൊരുക്കി കൂടെനില്‍ക്കുകയായിരുന്നു.

ശേഷം, ആദിലാബാദ് ജില്ലയില്‍ നിന്നും ദിവ്യ പോവുകയും മറ്റൊരാള്‍ പകരം കളക്ടറായി ചാര്‍ജ്ജെടുക്കുകയും ചെയ്തപ്പോള്‍ തങ്ങളുടെ പ്രിയപ്പെട്ട കളക്ടറോടുള്ള ആദരപ്രകാരം ജില്ലയിലെ ഒരു ഗ്രാമത്തിന് അവരുടെ പേര് നല്‍കുകയായിരുന്നു. സംഭവത്തില്‍ കളക്ടറും പ്രതികരണം അറിയിക്കുകയും ചെയ്തു. താന്‍ അവിടെയുണ്ടായിരുന്നുവെങ്കില്‍ അത് അനുവദിക്കില്ലായിരുന്നുവെന്നാണ്. ചെയ്തത് സ്വന്തം കടമയാണ് എന്ന് ദിവ്യ പറയുന്നു. ഫെബ്രുവരിയില്‍ സെക്രട്ടറി ആന്‍ഡ് കമ്മീഷണര്‍ ഫോര്‍ വുമണ്‍, ചൈല്‍ഡ്, ഡിസേബിള്‍ഡ്, ആന്‍ഡ് സീനിയര്‍ സിറ്റിസന്‍സ് ആയി ചാര്‍ജ്ജെടുത്തിരിക്കുകയാണ് ദിവ്യ.

ആദിവാസി വിഭാഗം നേതാവായ മരുതിയുടെ വാക്കുകള്‍ ഇങ്ങനെ;

ഇതിനുമുമ്പും ഇവിടെ നിരവധി കളക്ടര്‍മാര്‍ ചാര്‍ജ്ജെടുത്തിട്ടുണ്ട്. പക്ഷേ, ആദ്യമായി ഞാന്‍ ഒരു കളക്ടറുടെ ഓഫീസില്‍ കയറിച്ചെല്ലുന്നതും കളക്ടറെ കാണുന്നതും ദിവ്യമാഡം ചാര്‍ജ്ജെടുത്ത ശേഷമാണ്. അതുവരെ നമ്മളെ ആരും ശ്രദ്ധിച്ചിരുന്നില്ല. അവരാദ്യം ചെയ്തത് അവരുടെ ഓഫീസ് നമുക്കെല്ലാവര്‍ക്കും എപ്പോഴും കയറിച്ചെല്ലാവുന്ന ഒരിടമാക്കി എന്നതാണ്. മാത്രവുമല്ല, നമ്മുടെ ഓരോരുത്തരുടെയും പേരുപോലും അവര്‍ക്കറിയാമായിരുന്നു. നമ്മള്‍ ആദിവാസികളാണ്. വലിയ വലിയ സമ്മാനങ്ങളൊന്നും നല്‍കാന്‍ നമ്മുടെ കയ്യിലില്ല. അതുകൊണ്ടാണ് അവരോടുള്ള ആദരവ് പ്രകാരം ഒരു ഗ്രാമത്തിന് അവരുടെ പേര് നല്‍കിയിരിക്കുന്നത്.

Exit mobile version