ബിജെപിയില്‍ അസ്വസ്ഥനാണ്, ജോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസിലേയ്ക്ക് തന്നെ മടങ്ങിയേക്കുമെന്ന് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന് തിരികെ പാര്‍ട്ടിയിലേയ്ക്ക് എത്തിയ സത്യന്ദ്ര യാദവ്

ഭോപാല്‍: മൂന്ന് മാസം മുന്‍പ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ജോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസിലേയ്ക്ക് തന്നെ തിരികെ വന്നേയ്ക്കുമെന്ന് റിപ്പോര്‍ട്ട്. മധ്യപ്രദേശില്‍ രാഷ്ട്രീയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചായിരുന്നു ജോതിരാദിത്യ സിന്ധ്യയുടെ രാജി. 15 മാസം മാത്രം പ്രായമുണ്ടായിരുന്ന കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ കൂറുമാറ്റം.

എന്നാല്‍ സിന്ധ്യയുടെ അടുത്ത അനുയായി ബിജെപി വിട്ടു. സിന്ധ്യയ്ക്കൊപ്പം പാര്‍ട്ടി വിട്ട എംഎല്‍എയും മുന്‍ സേവാ ദള്‍ സംസ്ഥാനാധ്യക്ഷനുമായ സത്യന്ദ്ര യാദവാണ് കോണ്‍ഗ്രസിലേക്ക് മടങ്ങിയത്. ഭോപാലിലെ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തി ഇദ്ദേഹം മടങ്ങിവരവ് പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം, സിന്ധ്യ ബിജെപിയില്‍ അസ്വസ്ഥനാണെന്നും ഉടനെ തന്നെ കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കുമെന്നും സത്യന്ദ്ര അറിയിക്കുകയായിരുന്നു.

സിന്ധ്യയുടെ അനുയായികളില്‍ പലരും കോണ്‍ഗ്രസിലേക്ക് മടങ്ങിവരണം എന്ന താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങളും അറിയിച്ചു. സംഘ് സംസ്‌കാരത്തില്‍ തുടരാന്‍ കഴിയുന്നില്ലെന്നാണ് ഇവര്‍ ഉന്നയിക്കുന്ന പ്രധാന കാരണം.

Exit mobile version