മദ്യം ഓണ്‍ലൈനായി വീട്ടിലെത്തിക്കുന്ന സംവിധാനം ആരംഭിച്ച് സ്വിഗ്ഗി; സേവനം പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ അനുമതിയോടെ

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ അനുമതിയോടെ മദ്യം ഓണ്‍ലൈനായി വീട്ടിലെത്തിക്കുന്ന സംവിധാനം ആരംഭിച്ച് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗി. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത, സിലിഗുരി എന്നിവിടങ്ങളിലാണ് സ്വിഗ്ഗിയുടെ സേവനം ആരംഭിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ മറ്റ് 24 നഗരങ്ങളില്‍ കൂടി മദ്യത്തിന്റെ ഹോം ഡെലിവറി ഉടന്‍ തന്നെ സ്വിഗ്ഗി ആരംഭിച്ചേയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം. ആദ്യഘട്ടത്തില്‍ ജാര്‍ഖണ്ഡിലും, ഒഡീഷയിലും ഓണ്‍ലൈന്‍ മദ്യവില്‍പ്പന സ്വിഗ്ഗി നടത്തിയിരുന്നു. ഇതിന് ശേഷമാണ് ബംഗാളില്‍ ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. മറ്റ് ചില സംസ്ഥാന സര്‍ക്കാറുകളുമായി ഈ സേവനം സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നും സ്വിഗ്ഗി അറിയിച്ചു.

സ്വിഗ്ഗി പ്ലാറ്റ്‌ഫോമില്‍ വൈന്‍ ഷോപ്പ്‌സ് എന്ന വിഭാഗത്തിലാണ് മദ്യം തിരഞ്ഞെടുക്കാന്‍ സാധിക്കുന്നത്. സുരക്ഷിതവും ഉത്തരവാദിത്വപൂര്‍ണ്ണവുമായ രീതിയില്‍ വീട്ടില്‍ മദ്യമെത്തിച്ചു നല്‍കാനും, അതുവഴി ചെറുകിട മദ്യഷോപ്പുകളുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കാനും ഞങ്ങള്‍ക്ക് സാധിക്കുന്നു. ഒപ്പം തന്നെ ഇപ്പോഴത്തെ കൊവിഡ് അവസ്ഥയില്‍ സാമൂഹ്യ അകലം പാലിക്കാനും തിരക്ക് കുറയ്ക്കാനും ഞങ്ങളുടെ സേവനം ഉപകാരമാകുന്നു – സ്വിഗ്ഗിയുടെ വൈസ് പ്രസിഡന്റ് അനൂജ് രതി അറിയിച്ചു.

മദ്യവിതരണം ചെയ്യുന്നതിന് മുന്‍പ് വാങ്ങുന്നയാളുടെ പ്രായം വെരിഫൈ ചെയ്യുന്നുണ്ട്. ഒപ്പം തന്നെ വാങ്ങുന്ന വ്യക്തിയുടെ വിവരങ്ങളും സ്വിഗ്ഗി സൂക്ഷിക്കും. മദ്യം വാങ്ങുന്ന ഉപയോക്താവ് തന്റെ പ്രായം തെളിയിക്കുന്ന ഐഡി ആദ്യം അപ്ലോഡ് ചെയ്താല്‍ മാത്രമേ മദ്യം വാങ്ങുവാന്‍ സാധിക്കൂ എന്ന രീതിയിലാണ് സ്വിഗ്ഗിയുടെ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഒപ്പം മദ്യം ഡെവിവറി ബോയി വീട്ടിലെത്തിക്കുമ്പോള്‍ ഫോണില്‍ എത്തുന്ന ഒടിപി പറഞ്ഞ് നല്‍കിയാല്‍ മാത്രമേ ഓഡര്‍ ചെയ്ത മദ്യം കൈമാറൂ എന്നത് ഈ സംവിധാനത്തിന്റെ സുരക്ഷ കൂടിയാണെന്ന് സ്വിഗ്ഗി വ്യക്തമാക്കുന്നു.

Exit mobile version