രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍; വീടുപിടിക്കാന്‍ ബൈക്ക് മോഷ്ടിച്ചു, രണ്ടാഴ്ചയ്ക്ക് ശേഷം ഉടമയ്ക്ക് പാര്‍സലയച്ച് കൊടുത്തു

കോയമ്പത്തൂര്‍: രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപനം വന്നതോടെ എങ്ങനെയും വീട്ടിലെത്തണമെന്ന് പലരും മനസില്‍ ഉറപ്പിക്കുന്നത് അതിനായി പല വഴികളും തേടുന്നവരുണ്ട്. ഇപ്പോള്‍ അത്തരത്തിലൊന്നാണ് വാര്‍ത്തയില്‍ ഇടംപിടിക്കുന്നത്. വീടെത്താന്‍ വേണ്ടി കോയമ്പത്തൂരിലെ ഒരു ചായക്കടയിലെ തൊഴിലാളി ബൈക്ക് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.

കുടുംബത്തോടൊപ്പം ജന്മനാട്ടിലേക്ക് പോകുന്നതിനായിരുന്നു മോഷണം. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞ് ഉടമയ്ക്ക് ബൈക്ക് പാര്‍സലയച്ച് കൊടുക്കുകയും ചെയ്തു. പ്രാദേശിക പാര്‍സല്‍ കമ്പനി തങ്ങളുടെ ഓഫീസിലെത്താന്‍ ബൈക്ക് ഉടമയായ സുരേഷ് കുമാറിനോട് ആവശ്യപ്പെടുകയായിരുന്നു. അവിടെ എത്തിയപ്പോള്‍ രണ്ടാഴ്ച മുമ്പ് മോഷണം പോയ തന്റെ ഹീറോ ഹോണ്ട സ്പ്ലെന്‍ഡര്‍ ബൈക്ക് പാര്‍സല്‍ കമ്പനിയുടെ ഗോഡൗണില്‍ കിടക്കുന്നതാണ് കണ്ടത്.

ബൈക്ക് മോഷണം പോയതിനെ തുടര്‍ന്ന് സുരേഷ് കുമാര്‍ പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചിരുന്നു. പ്രദേശത്തുള്ള ഒരു ചായക്കടയിലെ ജീവനക്കാരനാണ് മോഷണം നടത്തിയതെന്നും വ്യക്തമായി. അതേസമയം വാഹനം മോഷ്ടിച്ചയാള്‍ പേ അറ്റ് ഡെലിവറി അടിസ്ഥാനത്തിലാണ് പാര്‍സലയച്ചത്.

Exit mobile version