ബ്രേക്കില്‍ കാലെത്താത്ത മകന്‍ കാറോടിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ച് പിതാവ്; രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍മീഡിയ

റാഞ്ചി; ബ്രേക്കില്‍ കാലെത്താത്ത മകന്‍ കാറോടിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ച പിതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍മീഡിയ. ജാര്‍ഖണ്ഡിലെ ധന്‍ബാദ് സ്വദേശി കരുണേഷ് കൗശല്‍ എന്ന യൂട്യൂബറാണ് തന്റെ മകന്‍ കാറോടിക്കുന്ന വീഡിയോ പങ്കുവെച്ചത്.

ഏകദേശം പത്തുവയസ് തോന്നിപ്പിക്കുന്ന കുട്ടി ടാറ്റ നെക്‌സോണ്‍ ഓടിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. കുട്ടി ബ്രേക്കിലേയ്ക്കും ക്ലച്ചിലേക്കും വളരെ ബുദ്ധിമുട്ടിയാണ് കാല്‍ എത്തിക്കുന്നതെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. തിരക്കില്ലാത്ത റോഡാണെങ്കിലും പൊതു നിരത്തിലൂടെയാണ് കുട്ടി വാഹനം ഓടിക്കുന്നത്.

വാഹനത്തിന്റെ പിന്‍സീറ്റില്‍ മറ്റൊരു കുട്ടിയും ഉണ്ട്. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കുട്ടികള്‍ വണ്ടിയോടിച്ചാല്‍ പിഴ മാത്രമായിരുന്നു ശിക്ഷ. എന്നാല്‍ പുതിയ ഗതാഗതനിയമം അനുസരിച്ച് പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്നത് രക്ഷിതാവിനോ, വാഹന ഉടമയ്‌ക്കോ 25000 രൂപ പിഴയും മൂന്നു വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. ഇതിനെ എല്ലാം പാടെ അവഗണിച്ചാണ് മകനെ കൊണ്ട് കാര്‍ ഓടിപ്പിച്ച് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Exit mobile version