ക്വാറന്‍റൈന്‍ സെന്‍ററില്‍ നിലത്ത് കിടന്ന് ഉറങ്ങിയ ആറു വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു; അപകട മുന്നറിയിപ്പ് അറിയിച്ചിട്ടും അവഗണിച്ച ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

ഉത്തരാഖണ്ഡ്: ക്വാറന്‍റൈന്‍ സെന്‍ററില്‍ നിലത്ത് കിടന്ന് ഉറങ്ങിയ ആറുവയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു. ഉത്തരാഖണ്ഡിലെ ക്വാറന്‍റൈന്‍ സെന്‍ററിലാണ് കുടുംബത്തോടൊപ്പം നിലത്ത് കിടന്നുറങ്ങുകയായിരുന്ന ആറുവയസുകാരി ദാരുണമായി മരിച്ചത്. മെയ് 25നാണ് കുട്ടിക്ക് പാമ്പുകടിയേറ്റതെന്ന് നാഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് സവിന്‍ ബന്‍സാല്‍ പറഞ്ഞു.

ബേതാല്‍ഘട്ടിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ എത്തിച്ചതിന് ശേഷമാണ് പെണ്‍കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. ഒഴിഞ്ഞ സ്കൂള്‍ കെട്ടിടടമാണ് ഉത്തരാഖണ്ഡിലെ തലി സേത്തി പ്രദേശത്ത് സര്‍ക്കാര്‍ ക്വാറന്‍റൈന്‍ സെന്‍ററാക്കി മാറ്റിയത്. സംഭവത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍(റവന്യൂ) രജ്പാല്‍ സിങ്, വില്ലേജ് ഓഫീസര്‍ ഉമേഷ് ജോഷി തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു. അപകട മുന്നറിയിപ്പ് നല്‍കിയിട്ടും അത് അവഗണിച്ചതിനാണ് അറസ്റ്റ് ചെയ്തത്.

സ്കൂളിന് സമീപം കുറ്റിക്കാട് ഉള്ളതിനാല്‍ പാമ്പ് കെട്ടിടത്തിനകത്ത് പ്രവേശിക്കാനുള്ള സാധ്യത നേരത്തെ തന്നെ രാജ്പാല്‍ സിങ്ങിനെ അറിയിച്ചിരുന്നുവെന്ന് ക്വാറന്‍റൈന്‍ സെന്‍ററില്‍ ഉള്ളവര്‍ പറഞ്ഞു. നേരത്തെ തന്നെ സ്ഥലത്തെ അസൗകര്യത്തെക്കുറിച്ചും വൃത്തിഹീനമായ അന്തരീക്ഷത്തെക്കുറിച്ചും ഇവര്‍ പരാതിപ്പെട്ടിരുന്നു. ക്വാറന്‍റൈന്‍ സെന്‍ററില്‍ താമസിക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ ടോയിലെറ്റുകള്‍ക്ക് വാതില്‍ പോലുമില്ലെന്നാണ് ഇവിടെ താമസിക്കുന്ന മഹേഷ് ചന്ദ്ര പറയുന്നത്. ഇതെല്ലാം പാടെ അവഗണിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തത്.

Exit mobile version