കത്തിയെരിഞ്ഞ് ഡല്‍ഹി, പേമാരിയിലും വൊള്ളപ്പൊക്കത്തിലും വലഞ്ഞ് ആസാമും; ഡല്‍ഹിയില്‍ താപനില 47.6 ഡിഗ്രി സെല്‍ഷ്യസ്

ന്യൂഡല്‍ഹി: ഡല്‍ഹി അടക്കമുള്ള ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ ദിനംപ്രതി താപനില വരുമ്പോള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുകയാണ്. പല നഗരങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്. തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് ബ്രഹ്മപുത്ര നദി കരകവിഞ്ഞതോടെ ആസാമിലെ പല ജില്ലകളും വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്. ആസാമിലെ കാംരൂപ് ജില്ലയിലാണ് നിലവില്‍ വെള്ളപ്പൊക്കം രൂക്ഷമായിരിക്കുന്നത്.

വരും മണിക്കൂറുകളില്‍ ജോര്‍ഹട്ട്, സോനിത്പൂര്‍ ജില്ലകളിലും വെള്ളപ്പൊക്കം ശക്തിപ്പെടുമെന്ന് കേന്ദ്ര ജലക്കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബ്രഹ്മപുത്ര നദി കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. അതേസമയം, ഇന്നലെ 47.6 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഡല്‍ഹി നഗരത്തില്‍ രേഖപ്പെടുത്തിയത്. 2002 മേയ് മാസത്തിന് ശേഷം ഡല്‍ഹിയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന താപനിലയാണിത്.

നാളെ വരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത ചൂട് തുടരും എന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കുന്നുണ്ട്. ഡല്‍ഹിക്ക് പുറമെ, ഹരിയാന, പഞ്ചാബ്, ചണ്ഡീഗഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലും ചൂട് കടുക്കുമെന്നും കാലാവസ്ഥാ വിദഗ്ദര്‍ അറിയിക്കുന്നു.

Exit mobile version