‘ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കൂ, നൂറ് രൂപയുടെ ബില്‍ കിട്ടാന്‍ കോണ്‍ഗ്രസിനെ കൊണ്ടുവരൂ’ പരാതിയില്‍ വൈദ്യുതി വകുപ്പ് നല്‍കിയ മറുപടിയില്‍ അമ്പരന്ന് ഉപഭോക്താവ്

ഭോപ്പാല്‍: വൈദ്യുതി ബില്‍ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയ ഉപഭോക്താവിന് ലഭിച്ചത് അമ്പരപ്പിക്കുന്ന മറുപടി. വൈദ്യുതി ബില്‍ കുറയ്ക്കണമെങ്കില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കണമെന്നാണ് മധ്യപ്രദേശ് വൈദ്യുതി വകുപ്പ് നല്‍കിയ മറുപടി.

മധ്യപ്രദേശ് അഗര്‍ മല്‍വ ജില്ലയിലെ ഹരീഷ് ജാദവ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് വൈദ്യുതി വകുപ്പിന്റെ പ്രതികരണം ‘കുറഞ്ഞ വൈദ്യുതി ബില്‍ വേണമെങ്കില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കൂ, നൂറ് രൂപയുടെ ബില്‍ കിട്ടാന്‍ കോണ്‍ഗ്രസിനെ കൊണ്ടുവരൂ’ എന്നായിരുന്നു ബിജെപി അധികാരത്തിലിരിക്കുന്ന മധ്യപ്രദേശ് വൈദ്യുതി വകുപ്പിന്റെ മറുപടി.

30,000 രൂപക്ക് മുകളില്‍ വൈദ്യുതി ബില്‍ വന്നതിനെ തുടര്‍ന്നാണ് ഹരീഷ് ജാദവ് വൈദ്യുതി വകുപ്പിന്റെ വെബ്സൈറ്റ് വഴി പരാതി നല്‍കിയത്. ഇതേതുടര്‍ന്ന് ആപ്ലിക്കേഷന്‍ ഐഡി ലഭിക്കുകയും ചെയ്തു. അടുത്ത ദിവസം തന്റെ പരാതിയുടെ നിലയറിയാന്‍ വെബ്സൈറ്റ് നോക്കിയപ്പോഴാണ് ഇത്തരത്തിലൊരു മറുപടി കിട്ടിയത്.

സംഭവത്തില്‍ ഹരീഷ് ജാദവ് വീണ്ടും വൈദ്യുതി വകുപ്പിനും കൂടാതെ ജില്ല കളക്ടര്‍ക്കും പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം നടക്കുകയും വൈദ്യുതി വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയറെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. കൂടാതെ സംഭവത്തില്‍ വകുപ്പുതല അന്വേഷണവും ആരംഭിച്ചു.

Exit mobile version