കൊറോണയെ തുരത്താന്‍ പ്രത്യേക പൂജയുമായി കര്‍ണാടകയിലെ ഹുളിക്കരെ ഗ്രാമം; പൂജ കഴിയുന്നതോടെ പകര്‍ച്ചവ്യാധി ഇല്ലാതാവുമെന്ന് വിശ്വാസം

ബെല്ലാരി: ലോകം ഒന്നടങ്കം പോരാടുന്ന കൊറോണ വൈറസിനെ തുരത്താന്‍ പ്രത്യേക പൂജ നടത്താന്‍ ഒരുങ്ങുകയാണ് കര്‍ണാടകയിലെ ബെല്ലാരിയിലെ ഹുളിക്കരെ ഗ്രാമം. ചിക്കന്‍ പോക്‌സ് എന്നിവ വ്യാപിച്ച സമയത്ത് തങ്ങളുടെ പൂര്‍വ്വികര്‍ ചെയ്ത ആരാധനയ്ക്ക് സമാനമായാണ് ഈ പ്രാര്‍ത്ഥനയെന്നും ഗ്രാമവാസികള്‍ പറയുന്നു.

കൊവിഡ് 19 നെതിരായ വാക്‌സിന്‍ കണ്ടെത്താന്‍ വിവിധ രാജ്യങ്ങളിലെ ഗവേഷകര്‍ പരിശ്രമം ഊര്‍ജ്ജിതമാക്കുമ്പോഴാണ് ഇത്തരത്തിലൊരു നടപടി. ഇതിന് മുന്‍പും പകര്‍ച്ച വ്യാധികളുണ്ടായ സമയത്ത് ചില ദേവതമാരെ പ്രീതിപ്പെടുത്താനുള്ള പ്രാര്‍ത്ഥനകള്‍ ഇവിടെ നടത്തിയിരുന്നെന്നാണ് പിഎച്ച്ഡി വിദ്യാര്‍ത്ഥിയും ഗ്രാമവാസിയുമായ ടി ഓങ്കാര പ്രതികരിച്ചു. ടൈംസ് ഓഫ് ഇന്ത്യയോടായിരുന്നു പ്രതികരണം.

ഒരു പ്രത്യേക സമയം നിശ്ചയിച്ച് ഗ്രാമത്തിലെ വീടുകള്‍ വൃത്തിയാക്കി, മധുരപലഹാരങ്ങളൊരുക്കി ദേവീ ശില്‍പത്തെ സ്വീകരിച്ച് ചെറിയ പ്രദക്ഷിണമായി ഗ്രാമത്തിന് വെളിയില്‍ എത്തിക്കുന്നതോടെ പകര്‍ച്ച വ്യാധി ഭേദമാകുമെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. തങ്ങള്‍ നല്‍കിയ സമ്മാനവും ആദരവും സ്വീകരിക്കുന്ന പകര്‍ച്ച വ്യാധി ഗ്രാമം വിട്ട് പോകുമെന്ന പേരില്‍ ഇതിന് മുന്‍പും സമാനമായ ആരാധന ഇവിടെ നടന്നിട്ടുണ്ടെന്നും ഇവിടുത്തുക്കാര്‍ കൂട്ടിച്ചേര്‍ത്തു. വേപ്പില കൊണ്ട് തയ്യാറാക്കിയ രഥങ്ങളിലാണ് ഈ ദേവതമാരെ പ്രദക്ഷിണം നടത്തുന്നത്.

Exit mobile version