‘കൊവിഡ് വ്യാപനം തടയുന്നതില്‍ പരാജയപ്പെട്ടു, ഗുജറാത്തിലും ഉത്തര്‍പ്രദേശിലും രാഷ്ട്രപതി ഭരണം വേണം’ ബിജെപിയോട് എന്‍സിപി

മുംബൈ: കൊവിഡ് വ്യാപനം തടയുന്നതില്‍ പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശിലും ഗുജറാത്തിലും രാഷ്ട്രപതി ഭരണം നടപ്പിലാക്കണമെന്ന ആവശ്യം ഉയര്‍ത്തി എന്‍സിപി. കൊവിഡിനെ തടയുന്നതില്‍ പരാജയപ്പെട്ട മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മറുപടിയുമായി എന്‍സിപി രംഗത്തെത്തിയത്.

എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീലിന്റെ വാക്കുകള്‍;

‘സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ് ബിജെപി ആവശ്യം, അങ്ങനെയാണെങ്കില്‍ ആദ്യം മാറ്റേണ്ടത് ഗുജറാത്തിലെയും ഉത്തര്‍പ്രദേശിലെയും സര്‍ക്കാരിനെയാണ്. പിന്നെ മധ്യപ്രദേശിലും ബീഹാറിലും. ഈ സംസ്ഥാനങ്ങളില്‍ പ്രതിസന്ധിയെ കൈകാര്യം ചെയ്യുന്നത് വളരെ ദയനീയമായാണ്. മഹാരാഷ്ട്രയില്‍ രാഷ്ട്രീയം കളിക്കുന്നതിന് പകരം ആ സംസ്ഥാനങ്ങളിലെ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ ശ്രമിക്കൂ’,

‘ഈ മഹാമാരി കാലത്ത് സംയമനം പാലിക്കാനും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടപെടാതിരിക്കാനുമാണ് മറ്റ് പാര്‍ട്ടികള്‍ തീരുമാനിച്ചത്. പക്ഷെ ബിജെപി കൊവിഡ് വ്യാപനത്തിന്റെ പേരില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. കൊവിഡ് വ്യാപനം രാജ്യത്ത് തടയുന്നതില്‍ പരാജയപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ കാര്യം പറഞ്ഞ് ഞങ്ങള്‍ പ്രധാനമന്ത്രിയോട് രാജി ആവശ്യപ്പെടട്ടെ?. രാജ്യം കൊവിഡിനെതിരെ ഒറ്റക്കെട്ടാണെന്ന് തെളിയിക്കാന്‍ മോഡി ദീപം തെളിയിക്കാനും കൈകൊട്ടാനുമാണ് ആവശ്യപ്പെട്ടത്. എന്നിട്ടും ബിജെപിയെന്താണ് സംസ്ഥാന സര്‍ക്കാരിനോട് സഹകരിക്കാത്തത്?

Exit mobile version