കര്‍ഷകര്‍ക്ക് താങ്ങായി ന്യായ് പദ്ധതി; 19 ലക്ഷം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് 1500 കോടി നല്‍കി ഛത്തീസ്ഗഢ് സര്‍ക്കാര്‍, കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ പദ്ധതി നടപ്പിലാക്കും

റായ്പുര്‍: കൊറോണ വൈറസ് വ്യാപനത്തിലും ലോക്ക് ഡൗണിലും ദുരിതം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് കൈതാങ്ങായി ഛത്തീസ്ഗഢ് സര്‍ക്കാര്‍. രാജീവ് ഗാന്ധി കിസാന്‍ ന്യായ് പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് നേരിട്ട് പണം കൈമാറുന്ന പദ്ധതിയാണ് സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്. ഛത്തീസ്ഗഢ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ രാജീവ് ഗാന്ധി കിസാന്‍ ന്യായ് പദ്ധതിക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ സോണിയഗാന്ധിയാണ് തുടക്കമിട്ടത്.

19 ലക്ഷത്തോളം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 1500 കോടി രൂപ ആദ്യ ഗഡുവായി വ്യാഴാഴ്ച കൈമാറുകയും ചെയ്തു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 29-ാം രക്ഷസാക്ഷിത്വ ദിനത്തില്‍ അദ്ദേഹത്തിന്റെ സ്മരണയിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ന്യായ് പദ്ധതി പ്രകാരം 14 വ്യത്യസ്ത വിളകള്‍ കൃഷിചെയ്യുന്ന സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് 5,750 കോടി രൂപ നാല് തവണകളായി വിതരണം ചെയ്യും. ഇതുപ്രകാരം കരിമ്പ് കൃഷിക്കാര്‍ക്ക് ഏക്കറിന് 13,000 രൂപയും നെല്‍ കര്‍ഷകര്‍ക്ക് ഏക്കറിന് 10,000 രൂപയും ഗ്രാന്റായി ലഭിക്കുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍ പറയുന്നു.

പദ്ധതിയുടെ 90 ശതമാനം ഗുണഭോക്താക്കളും പാര്‍ശ്വവത്കരിക്കപ്പെട്ട കര്‍ഷകര്‍, പട്ടികജാതി, പട്ടികവര്‍ഗക്കാര്‍, ഒബിസി, ദരിദ്ര വിഭാഗങ്ങള്‍ തുടങ്ങിയവരാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൂരഹിതരായിട്ടുള്ള കര്‍ഷക തൊഴിലാളികളെ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തും. അതിന്റെ വിശദമായ കര്‍മപദ്ധതി തയ്യാറാക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ മിനിമം വരുമാനം ഉറപ്പ് നല്‍കുന്ന ന്യായ് പദ്ധതി കോണ്‍ഗ്രസിന്റെ വാഗ്ദാനമായിരുന്നു. ഈ വാഗ്ദാനം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം ഛത്തീസ്ഗഢ് ആയി. ഛത്തീസ്ഗഢിന് പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍, പഞ്ചാബ് സര്‍ക്കാരുകളും ന്യായ് പദ്ധതി നടപ്പാക്കിയേക്കുമെന്നും വിവരമുണ്ട്.

Exit mobile version