കൊവിഡ് സോണുകള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം

ന്യൂഡല്‍ഹി: റെഡ്, ഓറഞ്ച്, ഗ്രീന്‍, സോണുകള്‍ അതത് സംസ്ഥാന-കേന്ദ്രഭരണ പ്രദേശ സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം. നാലാം ഘട്ട ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ വിശദീകരിച്ച ഉത്തരവിലാണ് ഇക്കാര്യം അറിയിക്കുന്നത്.

റെഡ്,ഓറഞ്ച് സോണുകള്‍ക്കുള്ളിലെ കണ്ടെയ്‌ന്മെന്റ്, ബഫര്‍ സോണുകള്‍ തീരുമാനിക്കുന്നത് ജില്ല അധികൃതരായിരിക്കും. കണ്ടെയ്‌ന്മെന്റ് സോണുകള്‍ക്കുള്ളില്‍ അത്യാവശ്യ കാര്യങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളു. സോണുകളില്‍ നിന്ന് പുറത്തേക്കും അകത്തേക്കുമുള്ള ജനങ്ങളുടെ യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടാവും. എന്നാല്‍ മെഡിക്കല്‍, മറ്റ് അത്യാവശ്യങ്ങള്‍ എന്നിവയ്ക്ക് ഇളവുണ്ടാകും.

കണ്ടെയ്‌ന്മെന്റ് സോണുകളില്‍ അതിതീവ്ര കോണ്ടാക്ട് ട്രേസിങ്, വീടുകള്‍ തോറുമുള്ള നിരീക്ഷണം, മറ്റ് മെഡിക്കല്‍ ഇടപെടലുകള്‍ എന്നിവയുണ്ടാകുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. മെയ് 31 വരെയാണ് നാലാം ഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Exit mobile version