താത്കാലികമായി സ്ട്രക്ചര്‍ കെട്ടിയുണ്ടാക്കി; കഴുത്തിന് താഴെ തളര്‍ന്ന മകനെയും വലിച്ച് യാത്ര, നോവ് നിറച്ച് കുടിയേറ്റ തൊഴിലാളികളുടെ പലായനം

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ കുടുങ്ങി കിടക്കുന്നിടത്ത് നിന്ന് എങ്ങനെയും നാടുപിടിക്കാനുള്ള ശ്രമത്തിലാണ് കുടിയേറ്റ തൊഴിലാളികള്‍. നടന്നും സൈക്കിളിലും മറ്റുമായി പലരും വീടുപിടിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. പാതിവഴിയില്‍ കുഴഞ്ഞുവീണും വാഹനപകടത്തിലും മറ്റും ജീവന്‍ പൊലിയുന്നതും കുറവല്ല.

ഇപ്പോള്‍ ആവശ്യത്തിന് ഭക്ഷണവും പണവും കൈവശമില്ലാതെ, എന്തിന് കാലിലൊരു ചെരിപ്പ് പോലുമില്ലാതെ 1300 കിലോമീറ്റര്‍ അകലെയുളള വീട്ടിലേക്ക് പോയ ഒരു തൊഴിലാളി കുടുംബത്തിന്റെ ദുരവസ്ഥയാണ് വാര്‍ത്തയില്‍ ഇടംപിടിക്കുന്നത്. പഞ്ചാബിലെ ലുധിയാനയില്‍ നിന്ന് മധ്യപ്രദേശിലെ സിങ്ഗുരിലിയിലെ വീട്ടിലേക്ക് കഴുത്തിന് താഴേക്ക് തളര്‍ന്നുകിടക്കുന്ന തന്റെ മകനെ താത്കാലികമായി കെട്ടിയുണ്ടാക്കിയ സ്ട്രക്ചറില്‍ ചുമന്നാണ് ഇവര്‍ തങ്ങളുടെ യാത്ര ആരംഭിച്ചത്.

15 ദിവസം നീണ്ട കഠിനമായ കാല്‍നട യാത്രക്കൊടുവില്‍ 800 കിലോമീറ്റര്‍ സഞ്ചരിച്ച് അവര്‍ ഉത്തര്‍ പ്രദേശിലെത്തി. ഇവിടെ കാണ്‍പൂരിലെത്തിയ ഈ കുടുംബത്തെ പിന്നീട് പോലീസാണ് സഹായിച്ചത്. മധ്യപ്രദേശിലേക്ക് ഇവര്‍ക്ക് എത്തിച്ചേരാനായി പോലീസ് പിന്നീട് ഒരു ട്രക്ക് ഏര്‍പ്പാടാക്കി നല്‍കുകയായിരുന്നു. ഇത്രയും ദിവസം തങ്ങളില്‍ ആരും ഒരുനേരം പോലും വയറുനിറച്ച് കഴിച്ചിട്ടില്ലെന്ന് ഇവര്‍ പറയുന്നു.

Exit mobile version