ലോക്ക് ഡൗണ്‍ പ്രതിസന്ധി; മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ നാല് പേരുടെ 10 ലക്ഷം രൂപ വായ്പ അടച്ച് അജ്ഞാതന്റെ സഹായഹസ്തം, പബ്ലിസിറ്റി വേണ്ടെന്ന് മാത്രം അപേക്ഷ

ലോക്ക് ഡൗണ്‍ പ്രതിസന്ധിക്കിടെ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ നാലു പേരുടെ 10 ലക്ഷം രൂപ വായ്പ അടച്ച് ഒരു അജ്ഞാതന്‍. മിസോറാമിലാണ് സംഭവം. സാമ്പത്തിക പ്രതിസന്ധി നിലവിലുള്ള സാഹചര്യത്തില്‍ നാല് പേരുടെ വായ്പ അടച്ചു തീര്‍ക്കാമെന്ന് ബാങ്കുമായി ബന്ധപ്പെട്ട് ഇദ്ദേഹം അറിയിക്കുകയായിരുന്നു. നാല് പേരുടേയും മൊത്തം വായ്പാത്തുകയായ 9,96,365 രൂപ ഇദ്ദേഹം അടച്ചുതീര്‍ത്തു.

പേരോ മറ്റുവിവരമോ വെളിപ്പെടുത്താന്‍ ഇദ്ദേഹം ആഗ്രഹിക്കുന്നില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഐസ്വാള്‍ ശാഖയിലെ അധികൃതര്‍ പറയുന്നു. പബ്ലിസിറ്റിക്ക് വേണ്ടിയല്ല എന്നാണ് അദ്ദേഹം അധികൃതരെ അറിയിച്ചത്. ബാങ്കുദ്യോഗസ്ഥരില്‍ മൂന്ന് നാല് പേര്‍ക്ക് ഇദ്ദേഹത്തെ നല്ല പരിചയമുള്ളതിനാലാണ് ഇത്തരത്തിലൊരു വാഗ്ദാനം അംഗീകരിക്കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

വായ്പാതിരിച്ചടവിന് പ്രയാസപ്പെടുന്ന കുറച്ചു പേരെ സഹായിക്കാനാഗ്രഹിക്കുന്നതായും അത്തരത്തിലുള്ളവരെ ബാങ്ക് തന്നെ തിരഞ്ഞെടുത്ത് അറിയിച്ചാല്‍ താനവവരുടെ കടം വീട്ടാമെന്നും ഇദ്ദേഹം അറിയിക്കുകയായിരുന്നുവെന്ന് ബാങ്ക് ശാഖയുടെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഷെറില്‍ വാന്‍ച്ചോങ് പറഞ്ഞു.

ശേഷം, ലോക്ക്ഡൗണിനെ തുടര്‍ന്ന് വരുമാനം നിലച്ച നാല് പേരെ തെരഞ്ഞെടുത്ത് വിവരമറിയച്ചതിനെ തുടര്‍ന്ന് പത്ത് ലക്ഷം രൂപ ഇദ്ദേഹം ഓണ്‍ലൈനായി ബാങ്കിന് കൈമാറുകയായിരുന്നു. തൊട്ടടുത്ത ദിവസം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാല് പേരെയും ബാങ്കില്‍ വരുത്തി ഈടുവസ്തുക്കള്‍ തിരികെ നല്‍കുകയും ചെയ്തു. നാല് പേരും ആദ്യമൊന്നമ്പരന്നെങ്കിലും കാര്യങ്ങള്‍ വ്യക്തമായതോടെ അജ്ഞാതനായ വ്യക്തിക്ക് നിറകണ്ണുകളോടെയാണ് അവര്‍ നന്ദി അറിയിക്കുകയും ചെയ്തു.

Exit mobile version