ഇത് ഇന്ത്യൻ ‘ടെർമിനൽ’; ജർമ്മനിക്കാരൻ സിയേബർട്ട് ഡൽഹി വിമാനത്താവളത്തിലെ ടെർമിനലിൽ കഴിച്ചുകൂട്ടിയത് നീണ്ട 55 ദിനങ്ങൾ

ന്യൂഡൽഹി: വിമാനത്താവളത്തിനകത്ത് നിന്നും പുറത്തിറങ്ങാനോ എന്നാൽ സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകാനോ സാധിക്കാതെ വിമാനത്താവളത്തിൽ മാസങ്ങളോളം കുടുങ്ങിയ വിക്ടർ നവോർസ്‌കി എന്ന മനുഷ്യനെക്കുറിച്ചുള്ള കഥയാണ് ് ‘ദ ടെർമിനൽ’ എന്ന ഹോളിവുഡ് സിനിമ പറഞ്ഞത്. സ്റ്റീവൻ സ്പീൽബെർഗിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഈ ചിത്രത്തിൽ നായകനായത് ടോം ഹാങ്ക്‌സ് ആയിരുന്നു.

ഇതേ മാതൃകയിൽ ഇന്ത്യയ്ക്ക് അകത്തും ഒരു സംഭവം അരങ്ങേറിയിരിക്കുകയാണ്. സിനിമാക്കഥയെ പോലും വെല്ലുന്ന തരത്തിലാണ് ഒരു ജർമ്മൻ പൗരൻ ഇന്ത്യയിലേക്ക് പ്രവേശിക്കാനോ ലോക്ക് ഡൗൺ കാരണം വിമാനങ്ങൾ റദ്ദാക്കിയതോടെ തിരിച്ചുപോകാനോ സാധിക്കാതെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിപ്പോയത്.

ജർമ്മൻ പൗരനായ എഡ്ഗാർഡ് സിയേബർട്ടാണ് ഡൽഹി വിമാനത്താവളത്തിൽ 55 ദിവസത്തോളം കുടുങ്ങിപ്പോയത്. കൊവിഡ് വ്യാപനത്തെ നേരിടുന്നതിന് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും അന്താരാഷ്ട്ര വിമാന സർവീസുകൾ അടക്കമുള്ള ഗതാഗത മാർഗങ്ങൾ സ്തംഭിക്കുകയും ചെയ്തതോടെ 55 ദിവസമാണ് സിയേബർട്ട് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ട്രാൻസിറ്റ് ഏരിയയിൽ കഴിഞ്ഞത്.

വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിൽനിന്ന് ഇസ്താംബൂളിലേയ്ക്കുള്ള യാത്രയ്ക്കിടെ ട്രാൻസിറ്റ് പാസഞ്ചറായാണ് മാർച്ച് 18ന് നാൽപതുകാരനായ സിയേബർട്ട് ഡൽഹിയിൽ വിമാനമിറങ്ങുന്നത്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് മാർച്ച് 18ന് ഇന്ത്യ തുർക്കിയിൽനിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. പിന്നീട് നാലു ദിവസങ്ങൾക്കു ശേഷം എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും ഇന്ത്യ റദ്ദാക്കി.

വിമാനമില്ലാത്തതിനാൽ ഇന്ത്യ വിടാനോ ഇന്ത്യൻ വിസ ഇല്ലാത്തതിനാൽ വിമാനത്താവളത്തിന് പുറത്തിറങ്ങാനോ സിയേബർട്ടിന് സാധിച്ചില്ല. അങ്ങനെ മാർച്ച് 18 മുതൽ സിയേബർട്ട് വിമാനത്താവളത്തിലെ ടെർമിനൽ 3ലെ അന്തേവാസിയായി.

രണ്ടു മാസത്തോളമായി വിമാനത്താവളത്തിൽ കഴിഞ്ഞു വന്ന സിയേബർട്ടിന് അധികൃതർ ‘ലീവ് ഇന്ത്യ നോട്ടീസ്’ (ഇന്ത്യ വിടാനുള്ള അറിയിപ്പ്) നൽകിയിരുന്നു. നാട്ടിലേയ്ക്കു മടങ്ങാനുള്ള വിമാനം ലഭിച്ചാലുടൻ എയർപോർട്ടിൽനിന്ന് പോകാമെന്ന് സിയേബർട്ട് മറുപടി നൽകുകയും ചെയ്തു. ഇതിനിടെ തുർക്കി പൗരൻമാരെ തിരികെ കൊണ്ടുപോകുന്ന അങ്കാറയിലേയ്ക്കുള്ള ഒരു വിമാനത്തിൽ സിയേബർട്ടിനെ കയറ്റിവിടാൻ ഇന്ത്യൻ അധികൃതർ ശ്രമം നടത്തിയിരുന്നു. വിദേശ പൗരനായതിനാൽ സിയേബർട്ടിനെ വിമാനത്തിൽ കയറ്റാൻ തുർക്കി അധികൃതർ തയ്യാറായില്ല.

ജർമ്മനിയിൽ പോലീസ് അന്വേഷിക്കുന്ന കുറ്റവാളിയായതുകൊണ്ട് ജർമ്മനിയുടെ സഹായം ഇയാൾ തേടിയിരുന്നില്ല. എങ്കിലും ജർമ്മൻ അധികൃതർ സിയേബർട്ടിനെ ബന്ധപ്പെടുകയും ജർമ്മനിയിലേയ്ക്ക് തിരികെ പോകുന്നതിന് സൗകര്യമൊരുക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നങ്കിലും അദ്ദേഹം അത് സ്വീകരിച്ചില്ലെന്ന് ജർമ്മൻ എംബസി അധികൃതർ പറയുന്നു.

ഒടുവിൽ കെഎൽഎം എയർലൈൻസിന്റെ പ്രത്യേക വിമാനത്തിൽ ചൊവ്വാഴ്ച അദ്ദേഹം ആംസ്റ്റർഡാമിലേയ്ക്കു പറന്നു. കൊവിഡ് പരിശോധനയിൽ രോഗബാധയില്ലെന്ന് വ്യക്തമായതിനെ തുടർന്നാണ് അദ്ദേഹത്തെ യാത്രചെയ്യാൻ അനുവദിച്ചത്. വിമാനത്തിൽ 291 യാത്രക്കാർ വേറെയുമുണ്ടായിരുന്നു. ‘ടെർമിനൽ3, ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ട്, ഡൽഹി’ എന്നാണ് യാത്രാരേഖയിൽ ഇന്ത്യയിൽ താമസിച്ചിരുന്ന വീട്ടുവിലാസമായി സിയേബർട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.

Exit mobile version