ആളുകളെ കെട്ടിപ്പിടിച്ചെന്ന് ആരോപണം; യുവാവിന് പോലീസിന്‍റെയും നാട്ടുകാരുടെയും ക്രൂരമര്‍ദ്ദനം

ന്യൂഡല്‍ഹി: ആളുകളെ കെട്ടിപ്പിടിച്ചെന്ന് ആരോപിച്ച് യുവാവിനെ പോലീസുകാരും നാട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിച്ചു. സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ കോളനിയിലാണ് സംഭവം. എസി റിപ്പയറായ ഇമ്രാന്‍ ഖാന്‍ എന്ന യുവാവാണ് ഇരയായത്. ഇയാളെ പോലീസും നാട്ടുകാരും ചേര്‍ന്ന് വടികൊണ്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നുണ്ട്.

സാഗര്‍പൂരിലെ വീട്ടിലേക്ക് മടങ്ങിപ്പോകുന്നതിനിടെയാണ് ഇമ്രാന് ക്രൂര മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പോലീസ് കോണ്‍സ്റ്റബിളിനെ സസ്പെന്‍റ് ചെയ്യുകയും ചെയ്തു. ‘വീഡിയോയില്‍ ഉള്ളത് സാഗര്‍പൂര്‍ സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ സസ്പെന്‍റ് ചെയ്തിട്ടുണ്ട്. വകുപ്പ്തല അന്വേഷണം ഉണ്ടാകും,” സൗത്ത് വെസ്റ്റ് അഡീഷണല്‍ ഡിസിപി ഇംഗിത് പ്രതാപ് സിംഗ് പ്രതികരിച്ചു.

കോണ്‍സ്റ്റബിള്‍ ഇമ്രാനെ ഒരു ലാത്തി ഉപയോഗിച്ച് അടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇമ്രാന്‍ മാറിനടക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വീണ്ടും പോലീസ് മര്‍ദ്ദനം തുടരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. നാട്ടുകാരും ഇമ്രാനെ അടിക്കുന്നുണ്ട്. എന്തിനാണ് അയാളെ മര്‍ദ്ദിക്കുന്നതെന്ന് ഒരു വഴിയാത്രക്കാരന്‍ ചോദിക്കുമ്പോള്‍, ഇയാള്‍ കെട്ടിപ്പിടിക്കുന്നുണ്ടായിരുന്നു,ഇവനെ കൊല്ലണം എന്ന് കൂട്ടത്തില്‍ ഒരാള്‍ പറയുകയായിരുന്നു.

അതേസമയം, പോലീസിനെതിരെ ഇമ്രാന്‍റെ സഹോദരി രംഗത്തു വന്നിട്ടുണ്ട്. ഇമ്രാന്‍ ആളുകളെ കെട്ടിപ്പിടിച്ചെന്ന് പറയുന്നത് അടിസ്ഥാനമില്ലാത്ത കാര്യമാണെന്നും തന്‍റെ സഹോദരന്‍ നടന്നു പോകുന്ന സമയത്ത് പോലീസ് മര്‍ദ്ദിക്കുകയായിരുന്നെന്നം ഇമ്രാന്‍ന്‍റെ സഹോദരി രവീണ ആരോപിച്ചു.

Exit mobile version