വിഷവാതക ചോര്‍ച്ച; അപകടം 40 ദിവസത്തിന് ശേഷം പ്ലാന്റ് തുറന്നപ്പോള്‍; ആളുകള്‍ കുഴഞ്ഞ് വീണത് നിന്ന നില്‍പ്പില്‍. കുഞ്ഞുങ്ങളെയും കൊണ്ട് നിലവിളിച്ചോടി അമ്മമാരും, ദുരന്തത്തില്‍ നടുങ്ങി നഗരം

വിശാഖപട്ടണം: വിശാഖപട്ടണത്ത് വിഷവാതക ചോര്‍ച്ചയുണ്ടായത് ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചു പൂട്ടിയ പ്ലാന്റ് 40 ദിവസത്തിനു ശേഷം തുറന്നപ്പോള്‍. ദുരന്തത്തില്‍ നടുങ്ങിയിരിക്കുകയാണ് നഗരം. വിശാഖപട്ടണത്തെ വെങ്കടപുരത്തെ എല്‍ജി പോളിമറില്‍ നിന്നാണ് വിഷ വാതകം പുലര്‍ച്ചെ 2.30ഓടെ ചോര്‍ന്നത്.

ലോക്ക്ഡൗണിനെ തുടര്‍ന്ന് പൂട്ടിയിരുന്ന പ്ലാന്റ് ഇന്ന് പുലര്‍ച്ചയോടെ തൊഴിലാളികളെത്തി തുറന്നു. ഉടന്‍ തന്നെ ഗ്യാസ് ചേംബറുകള്‍ക്കുള്ളില്‍ അനിയന്ത്രിതമായ പൊട്ടിത്തെറിയുണ്ടാകുകയും ചോര്‍ച്ച സംഭവിക്കുകയുമായിരുന്നു. സ്‌പ്രേ ചെയ്ത് വാതകം നിയന്ത്രിക്കാനുള്ള പ്രാരംഭ ശ്രമങ്ങള്‍ ഫലമുണ്ടായില്ലെന്ന് ജില്ലാ കളക്ടര്‍ വി വിനയ് ചന്ദ് പ്രതികരിച്ചു.

നിന്ന നില്‍പ്പിലാണ് ആളുകള്‍ വിഷവാതകം ശ്വസിച്ച് കുഴഞ്ഞ് വീഴുന്നത്. കുഞ്ഞുങ്ങളേയും കൊണ്ട് അമ്മമാര്‍ നിലവിളിച്ചോടുന്നത് ഭീതി നിറയ്ക്കുന്ന കാഴ്ചയായി മാറുകയും ചെയ്തു. സമീപത്തെ പശുക്കളും നായകളും വായില്‍ നിന്ന് നുരവന്ന് ചത്തു വീണു. പുലര്‍ച്ച തന്നെ തലവേദന ഛര്‍ദ്ദി, ശ്വസന പ്രശ്നങ്ങള്‍ തുടങ്ങിയവ ഗ്രാമീണര്‍ക്ക് അനുഭവപ്പെട്ടിരുന്നു. വാതകത്തിന്റെ ഗന്ധത്തിലാണ് പലരും ഉറക്കമുണര്‍ന്നത്. വീടിന് പുറത്തേക്കിറങ്ങിയപ്പോള്‍ മുഴുവന്‍ പുക നിറഞ്ഞിരിക്കുന്നുവെന്ന് ഗ്രാമീണര്‍ പറയുന്നു. കണ്ണുകള്‍ തുറക്കാന്‍ പറ്റാത്ത എരിച്ചില്‍. ശ്വാസമെടുക്കുമ്പോഴും പ്രശ്നങ്ങളെന്നും, ഭീകരമായ നിമിഷം കൂടിയായിരുന്നുവെന്നും നാട്ടുകാര്‍ പ്രതികരിച്ചു.

വിഷ വാതക ചോര്‍ച്ചയെ തുടര്‍ന്ന് സമീപത്തെ ഗ്രാമവാസികളെയെല്ലാം ഒഴിപ്പിച്ചിട്ടുണ്ട്. പോലീസ് വാഹനങ്ങളില്‍ അനൗണ്‍സ്മെന്റ് നടത്തിയാണ് ആളുകളോട് ഒഴിഞ്ഞ്പോകാന്‍ ആവശ്യപ്പെട്ടത്. ആളുകളെ ദൂരസ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നത് ബസുകളും മറ്റും ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഇതുവരെ എട്ട് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മുന്നൂറോളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Exit mobile version