ഭൂമി തര്‍ക്കക്കേസില്‍ നടന്‍ പ്രഭാസിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി; താരം അവകാശപ്പെടുന്ന ഭൂമി റവന്യു വകുപ്പിന് വിട്ടു കൊടുത്തു

ഹൈദരാബാദ്: ഭൂമി തര്‍ക്ക കേസില്‍ നടന്‍ പ്രഭാസിന് തെലങ്കാന ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. താരം വാങ്ങിയതാണെന്ന് അവകാശപ്പെടുന്ന ഭൂമി റവന്യു വകുപ്പിന് വിട്ടു കൊടുക്കാന്‍ ഉത്തരവായി. ഭൂമിയുടെ അവകാശം തനിക്കാണെന്നു ചൂണ്ടിക്കാട്ടി പ്രഭാസ് 2018 ല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. രംഗ റെഡ്ഡി ജില്ലയിലെ സെര്‍ലിങ്കമ്പള്ളിയിലുള്ള 18,747 ചതുരശ്രയടി ഭൂമിയാണ് റവന്യു വകുപ്പിന് വിട്ടു നല്‍കിയത്.

പ്രഭാസിന്റെ ഫാം ഹൗസ് അവിടെയാണ് സ്ഥിതി ചെയ്യുന്നത്. താരത്തിന് അനുകൂലമായി ഉണ്ടായിരുന്ന കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. എന്നാല്‍ ഈ ഭൂമിയിലുള്ള കെട്ടിടം പൊളിക്കരുതെന്നും ഹൈക്കോടതി റവന്യു വകുപ്പിന് നിര്‍ദേശം നല്‍കുകയും ചെയ്തു. തര്‍ക്കം പരിഹരിച്ച് ഉത്തരവ് തീര്‍പ്പാക്കാന്‍ വിചാരണ കോടതിയെ ചുമതലയേല്‍പ്പിച്ചു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ ഈ ഭൂമി വാങ്ങിയതാണെന്ന് ആയിരുന്നു പ്രഭാസ് ഉന്നയിച്ചത്. 2014 ലെ റെഗുലറൈസേഷന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ തന്റെ അപേക്ഷ സ്വീകരിക്കുകയും നിയമപരമായി രജിസ്ട്രേഷന്‍ നടത്തുകയും ചെയ്തെന്നും പ്രഭാസ് വാദിക്കുകയും ചെയ്തു. ഇത് സര്‍ക്കാര്‍ ഭൂമിയാണെന്നാണ് തെലങ്കാന റവന്യു വകുപ്പ് അവകാശപ്പെടുകയും നടന് നോട്ടീസ് അയക്കുകയും ചെയ്യുകയായിരുന്നു. പിന്നാലെയാണ് കോടതിയെ സമീപിച്ചത്.

Exit mobile version