ഇപ്പോഴും റെഡ് സോണില്‍, നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങി കെജരിവാള്‍; ‘ഡല്‍ഹി തുറക്കാന്‍ സമയമായി, കൊറോണ വൈറസുമായി ജീവിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും നിര്‍ദേശം’

ന്യൂഡല്‍ഹി: സംസ്ഥാനം ഇപ്പോഴും റെഡ് സോണില്‍ നില്‍ക്കവെ ഇളവുകള്‍ നല്‍കാനൊരുങ്ങി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

ലോക്ക് ഡൗണ്‍ നീക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ എല്ലാ വിധത്തിലും സജ്ജമാണെന്നും നിയന്ത്രണങ്ങള്‍ പാലിച്ച് കൊറോണ വൈറസുമായി ജീവിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും കെജരിവാള്‍ നിര്‍ദേശം നല്‍കി. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതുവരെ 4122 കൊവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 1256 പേര്‍ രോഗ വിമുക്തരായി ആശുപത്രി വിട്ടു. 64 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.

”കേന്ദ്ര സര്‍ക്കാര്‍ ഹോട്ട് സ്‌പോട്ടുകളും രോഗവ്യാപന സാധ്യതയുമുള്ള എല്ലാ പ്രദേശങ്ങളും സീല്‍ ചെയ്യണം. ബാക്കിയുള്ളവയെ ഗ്രീന്‍ സോണായി പ്രഖ്യാപിക്കാം. കടകള്‍ ഒറ്റ ഇരട്ട അക്ക ക്രമപ്രകാരം തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. ലോക്ക് ഡൗണ്‍ നീക്കിയാല്‍ കേസുകളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായാലും അത് നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാണ്”. കെജരിവാള്‍ പറയുന്നു.

പൊതുഗതാഗത സംവിധാനങ്ങള്‍ അടഞ്ഞു തന്നെ കിടക്കുമെങ്കിലും സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ 50 പേരെ വെച്ചുള്ള വിവാഹങ്ങള്‍ക്ക് അനുമതി നല്‍കും. ഡല്‍ഹിയെ മൊത്തമായി റെഡ് സോണിലാക്കുന്നത് സാമ്പത്തിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും തൊഴിലില്ലായ്മ വലിയ തോതില്‍ വര്‍ധിക്കാന്‍ ഇടയാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോക്ക് ഡൗണ്‍ കാരണം സര്‍ക്കാരിന് വരുമാനമൊന്നുമില്ലെന്നും ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം സ്തംഭിക്കുമെന്നും കെജരിവാള്‍ പറയുന്നു.

Exit mobile version