ആദ്യം കൂലി ഇരട്ടിയാക്കി, ഉടനെ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ കോണ്‍ഗ്രസ് ഒരു കോടി ഇറക്കി; പിന്നാലെ യാത്ര സൗജന്യമാക്കി ബിജെപി സര്‍ക്കാരും

ബംഗളൂരു: അതിഥി തൊഴിലാളികളുടെ യാത്രാ ചെലവിനായി ഒരു കോടി രൂപ കോണ്‍ഗ്രസ് സംഭാവന ചെയ്തതിനു പിന്നാലെ യാത്ര സൗജന്യമാക്കി കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍. സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങുന്ന തൊഴിലാളികള്‍ക്ക് ഞായറാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് കര്‍ണാടകയിലെ സ്വന്തം സ്ഥലങ്ങളിലേക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാമെന്നാണ് കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചത്.

ലോക്ക്ഡൗണിനെത്തുടര്‍ന്ന് കര്‍ണാടകയിലെ വിവിധയിടങ്ങളില്‍ കുടുങ്ങിയ തൊഴിലാളികള്‍ അടക്കമുള്ളവരെ നാട്ടിലെത്തിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ വന്‍ നിരക്ക് ഈടാക്കാന്‍ തീരുമാനിച്ചിരുന്നു. തൊഴിലാളികളെ നാട്ടില്‍ എത്തിച്ച ശേഷം ബസ് കാലിയായി മടങ്ങുമെന്ന് ചൂണ്ടിക്കാട്ടി ഇരുവശത്തേക്കുമുള്ള യാത്രാ കൂലി ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിനു പിന്നാലെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു.

ഇതേ തുടര്‍ന്ന് ശനിയാഴ്ച ടിക്കറ്റ് നിരക്ക് കുറയ്ക്കുകയും ചെയ്തു. ഇതിന് പിന്നാലെ തൊഴിലാളികളുടെ യാത്രക്കായി ഒരു കോടി രൂപ കോണ്‍ഗ്രസ് സംഭാവന ചെയ്യുകയായിരുന്നു. യാത്രാ ചിലവിലേക്കായി ഒരു കോടി രൂപയുടെ ചെക്ക് കര്‍ണാടക ട്രാസ്പോര്‍ട്ട് കോര്‍പ്പറേഷന്‍ എംഡിക്ക് കൈമാറി. ശേഷം നിരവധി പേരാണ് നടപടിക്ക് അഭിനന്ദനവുമായി രംഗത്ത് വന്നത്. പിന്നാലെയാണ് സൗജന്യ യാത്ര സര്‍ക്കാരും പ്രഖ്യാപിച്ചത്.

Exit mobile version