‘ജീവന്‍ നഷ്ടമായ ജവാന്‍മാരുടെ ധീരതയും ത്യാഗവും ഒരിക്കലും മറക്കില്ല’ ഹന്ദ്വാരയില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ജമ്മുകാശ്മീരിലെ ഹന്ദ്വാരയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചത്. ജീവന്‍ നഷ്ടമായ ജവാന്‍മാരുടെ ധീരതയും ത്യാഗവും ഒരിക്കലും മറക്കില്ലെന്ന് മോദി ട്വീറ്ററിലൂടെ വ്യക്തമാക്കി.

‘ഹന്ദ്വാരയില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ആദരാഞ്ജലികള്‍. അവരുടെ ധീരതയും ത്യാഗവും ഒരിക്കലും മറക്കില്ല. അര്‍പ്പണബോധത്തോടെയാണ് ജവാന്‍മാര്‍ രാജ്യത്തെ സേവിച്ചത്. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ അവര്‍ അഹോരാത്രം പ്രവര്‍ത്തിച്ചെന്നും മോഡി ട്വിറ്ററില്‍ കുറിച്ചു. ജവാന്‍മാരുടെ കുടുംബങ്ങളോടും സുഹൃത്തുക്കളോടും അനുശോചനം രേഖപ്പെടുത്തുന്നതായും മോഡി കൂട്ടിച്ചേര്‍ത്തു.

കുപ്വാര ജില്ലയിലെ ഹന്ദ്വാരയില്‍ നടന്ന ഏറ്റുമുട്ടലില്‍ കേണല്‍ അശുതോഷ് ശര്‍മ്മ, മേജര്‍ അനുജ് സൂദ്, ഒരു സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ള അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരാണ് വീരമൃത്യുവരിച്ചിരുന്നത്. രണ്ട് തീവ്രവാദികളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.

Exit mobile version