ഊണും ഉറക്കവും ആംബുലന്‍സില്‍, 42 ദിവസമായി വിശ്രമമില്ലാത്ത ഓട്ടത്തില്‍ 65കാരന്‍, വീട്ടിലേയ്ക്ക് മടങ്ങുന്നത് കൊവിഡ് പോരാട്ടത്തില്‍ വിജയിച്ച ശേഷമെന്ന് ബാബു

ലഖ്‌നൗ: കൊവിഡ് പ്രതിരോധത്തില്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നവരാണ് ഡോക്ടര്‍മാരും നഴ്‌സ്മാരും ഒപ്പം മറ്റ് ആരോഗ്യ പ്രവര്‍ത്തകരും. ഊണും ഉറക്കവും ഇല്ലാതെ പ്രവര്‍ത്തിക്കുന്നവരും കുറവല്ല. ഇപ്പോള്‍ വാര്‍ത്തയില്‍ ഇടംപിടിക്കുന്നത് 65കാരനായ ബാബു ഭാരതിയാണ്. ഊണും ഉറക്കവും ആംബുലന്‍സില്‍ ആക്കി, വീട്ടില്‍ പോവും പോകാതെ ഭാര്യയും മക്കളെയും കാണാതെ കൊവിഡ് പ്രവര്‍ത്തനത്തില്‍ സജീവമാവുകയാണ് അദ്ദേഹം. കരാറടിസ്ഥാനത്തിലാണ് ബാബു ഭാരതി ജോലി ചെയ്യുന്നത്.

കഴിഞ്ഞ 42 ദിവസമായി അദ്ദേഹം ഓട്ടത്തിലാണ്. ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയില്‍ ആംബുലന്‍സ് ഡ്രൈവറായി പ്രവര്‍ത്തിക്കുന്ന ബാബു മാര്‍ച്ച് 23 മുതല്‍ ജില്ലയിലെ ഹോട്ട് സ്പോട്ട് മേഖലകളില്‍ രോഗികള്‍ക്കായി വാഹനമോടിക്കുകയാണ്. ആംബുലന്‍സാണ് വീടെന്ന് ചിരിയോടെ ബാബു പറയുന്നു.

‘ആംബുലന്‍സില്‍ ഉറങ്ങും, പാടത്തെ കുഴല്‍ക്കിണറുകളില്‍ നിന്ന് വെള്ളമെടുത്ത് കുളിക്കും, ജോലി ചെയ്യുന്ന ജില്ലാ ആശുപത്രി അധികൃതര്‍ ഭക്ഷണത്തിനുള്ള ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. കൊറോണവൈറസിനെതിരെയുള്ള പോരാട്ടത്തില്‍ വിജയം നേടിയ ശേഷം വീട്ടില്‍ പോകാനാണ് തീരുമാനം’. ബാബു പറയുന്നു. ജില്ലയില്‍ രോഗവ്യാപനം ആരംഭിച്ചപ്പോള്‍ മുതല്‍ പ്രവര്‍ത്തിക്കുന്ന ദ്രുതകര്‍മസംഘത്തില്‍ ബാബുവുമുണ്ടെന്ന് ഡോ. നീരജ ശര്‍മയും പറയുന്നു.

1,100 ഓളം രോഗബാധ സംശയിക്കുന്നവരെ ഇതു വരെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചതായും അതില്‍ 700 ലധികം പേരെ ബാബുവാണ് കൊണ്ടുവന്നതെന്നും ഡോ. നീരജ കൂട്ടിച്ചേര്‍ത്തു. ബാബുവിന്റെ ആത്മാര്‍ഥമായ സേവനത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ലെന്നും രാത്രിയും പകലും സേവനസന്നദ്ധനായി ബാബു ഉണ്ടാവുക പതിവാമെന്നും ഡോ. നീരജ കൂട്ടിച്ചേര്‍ത്തു.

Exit mobile version