2 ലക്ഷം മുടക്കി 25,520 കിലോ സവാള വാങ്ങി; വീട്ടിലെത്താന്‍ ‘കുറുക്കുവഴി’ തേടി പ്രേംമൂര്‍ത്തി, പോലീസ് ചെക്കിംഗുകളും കടന്ന് വീട് പിടിച്ചപ്പോള്‍ കിട്ടിയത് എട്ടിന്റെ പണിയും, സംഭവം ഇങ്ങനെ

onion price | Bignewslive

അലഹാബാദ്; കൊറോണ വൈറസിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ കുടുങ്ങിയവരാണ് പലരും. പല വഴികളും തേടിയവരും കുറവല്ല. ഇപ്പോള്‍ സ്വന്തം വീട്ടില്‍ എത്താന്‍ പ്രേം മൂര്‍ത്തി പാണ്ഡെ തേടിയ വഴിയാണ് വാര്‍ത്തയില്‍ ഇടംപിടിക്കുന്നത്. അലഹബാദുകാരനായ പ്രേം മൂര്‍ത്തി സവാള കച്ചവടക്കാരനായിട്ടാണ് വീടെത്താന്‍ ശ്രമം നടത്തിയത്.

മുംബൈ വിമാനത്താവളത്തിലാണ് പ്രേം മൂര്‍ത്തി പാണ്ഡെ ജോലി ചെയ്യുന്നത്. ലോക്ക് ഡൗണ്‍ ആയതോടെ അന്ധേരി ഈസ്റ്റിലെ ആസാദ് നഗറിലുള്ള താമസസ്ഥലത്ത് ഇയാള്‍ കുടുങ്ങുകയായിരുന്നു. ലോക്ക് ഡൗണിന്റെ ആദ്യ ഘട്ടത്തില്‍ ഇയാള്‍ ഇവിടെ കഴിഞ്ഞു. എന്നാല്‍ മെയ് മൂന്നുവരെ ഇത് നീട്ടിയതോടെ എങ്ങനെയും വീട് പിടിക്കാന്‍ ശ്രമം നടത്തുകയായിരുന്നു.

ലോക്ക് ഡൗണ്‍ ആണെങ്കിലും പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ ചരക്ക് നീക്കത്തിന് ഇളവുകളുണ്ട്. ഇതനുസരിച്ച് ഇയാള്‍ ആദ്യഘട്ടമെന്ന നിലയില്‍ ഏപ്രില്‍ 17ന് ഒരു മിനി ട്രക്ക് വാടകയ്ക്ക് വിളിച്ച് നാസിക്കില്‍ ചെന്ന് 10,000 രൂപയ്ക്ക് തണ്ണിമത്തന്‍ കയറ്റി മുംബൈയിലെത്തിച്ചു. എന്നാല്‍ മുംബൈയില്‍ തണ്ണിമത്തന്‍ എത്തിച്ച് നല്‍കാമെന്ന് ഇതിനകം ഒരു വ്യാപാരിയുമായി ധാരണയിലെത്തിയിരുന്നു.

നാസിക്കിലെ പിംപല്‍ഗാവ് മാര്‍ക്കറ്റില്‍ നിന്നാണ് പ്രേം മൂര്‍ത്തി തണ്ണിമത്തന്‍ വാങ്ങിയത്. ഇവിടെ സവാള കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്ന് മനസിലാക്കിയ ഇയാള്‍ 2.32 ലക്ഷം രൂപമുടക്കി 25,520 കിലോ സവാള വാങ്ങി. തുടര്‍ന്ന് 77,500 രൂപയ്ക്ക് ഒരു ട്രക്ക് വാടകയ്ക്ക് വിളിക്കുകയും അതില്‍ സവാളയുമായി 1200 കിലോമീറ്ററിലേറെ അകലെയുള്ള അലഹാബാദിലേക്ക് യാത്ര തിരിക്കുകയും ചെയ്യുകയായിരുന്നു.

ഏപ്രില്‍ 23 ന് ഇയാള്‍ മുന്ദേര മാര്‍ക്കറ്റിലെത്തി. എന്നാല്‍ ഇത്രയും തുകയ്ക്ക് സവാള വാങ്ങാന്‍ ആരും തയ്യാറാവാതെ ഇരുന്നതോടെ പ്രേം മൂര്‍ത്തിയും അങ്കലാപ്പിലാവുകയായിരുന്നു. ശേഷം, സവാളയുമായി തൊട്ടടുത്തുള്ള തന്റെ ഗ്രാമമായ കോട്വ മുബാറക്പുരിലെത്തി അവിടെ സവാള ഇറക്കി വാഹനം തിരികെ അയച്ചു. കൊറോണ വ്യാപകമായ മഹാരാഷ്ട്രയില്‍ നിന്ന് ലോക്ക്ഡൗണ്‍ ലംഘിച്ച് ഒരാള്‍ എത്തിയതറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും സംഭവത്തില്‍ ഇയാള്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഇയാളെ പരിശോധിച്ചു. വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.

അന്ധേരിയില്‍ താന്‍ താമസിക്കുന്ന പ്രദേശം വളരെ കൂടുതല്‍ ആളുകള്‍ താമസിക്കുന്ന ഇടുങ്ങിയ സ്ഥലമാണെന്നും അവിടെ കൊറോണ വൈറസ് പടരാന്‍ സാധ്യത കൂടുതലാണെന്നുമാണ് ഇയാള്‍ നല്‍കുന്ന വിശദീകരണം. ഈ സാഹചര്യത്തിലാണ് എങ്ങനെയും നാടുപിടിക്കാന്‍ തീരുമാനിച്ചതെന്നും ഇദ്ദേഹം പറയുന്നു. അതേസയം വാങ്ങാനാളില്ലാതെഗ്രാമത്തില്‍ കെട്ടിക്കിടക്കുന്ന സവാള നല്ല വിലക്ക് മറിച്ച് വില്‍ക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇയാള്‍.

Exit mobile version