ജൂണ്‍ 30 വരെ പൊതുഇടങ്ങളില്‍ ഒത്തുകൂടുന്നത് വിലക്കി; റമദാനില്‍ വീട്ടില്‍ നിന്ന് പ്രാര്‍ത്ഥന നടത്താം; ഉത്തര്‍ പ്രദേശില്‍ നിയന്ത്രണങ്ങളുമായി യോഗി ആദിത്യനാഥ്

Yogi Adityanath | Bignewslive

ലഖ്‌നൗ: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ 30വരെ സംസ്ഥാനത്ത് പൊതുഇടങ്ങളിലെ ഒത്തുകൂടലുകള്‍ അനുവദിക്കില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതോടൊപ്പം റമദാന്‍ ദിനങ്ങളില്‍ ജനങ്ങള്‍ വീടുകളില്‍ തന്നെ പ്രാര്‍ത്ഥന നടത്തണമെന്നും യോഗി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത് ‘ ജൂണ്‍ 30 വരെ പൊതുവിടങ്ങളിലെ ഒത്തുകൂടലുകള്‍ തടയാന്‍ മുഖ്യമന്ത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു. സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ എടുക്കും, ‘റമദാന്‍ മാസം തുടങ്ങിയിരിക്കുന്നു. കൊവിഡ് വ്യാപനം കണക്കിലെടുത്ത് വീട്ടില്‍ തുടരാനും നമസ്‌കാരം ചെയ്യാനുമാണ് എല്ലാ മതനേതാക്കളും അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തിന് കാരണമാവുന്ന തരത്തില്‍ ഒരു പരിപാടികളും എവിടെയും നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം,’ പ്രസ്താവനയില്‍ പറയുന്നു.

ഒപ്പം കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നവരില്‍ കൂടുതലും തബ്ലീബ് ജമാഅത്തുമായി ബന്ധപ്പെട്ടിരിക്കുന്നവരാണെന്നും തബ്ലീബിലെ കൂടുതല്‍ അംഗങ്ങളെ കണ്ടെത്തുകയും പരിശോധന നടത്തുകയും ചെയ്യണമെന്നും യോഗി ആദിത്യനാഥ് അറിയിച്ചു. ഉത്തര്‍പ്രദേശില്‍ 1604 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

Exit mobile version