അവശ്യസാധനങ്ങള്‍ക്കായി ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങി; തമിഴ്‌നാട്ടില്‍ നാളെ മുതല്‍ നാല് ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക് ഡൗണ്‍

ചെന്നൈ: കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. പ്രതിരോധ നടപടികളുടെ ഭാഗമായി ചെന്നൈ, കോയമ്പത്തൂര്‍, മധുര, സേലം, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ നാളെ മുതല്‍ നാല് ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യസാധനങ്ങളുടെ വില്‍പ്പനയ്ക്ക് ഉള്‍പ്പെടെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് ഉച്ചവരെയേ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുകയുള്ളൂ.

അതേസമയം അവശ്യ സാധനങ്ങള്‍ കോര്‍പ്പറേഷന്‍ വീട്ടിലെത്തിച്ച് നല്‍കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍ പ്രദേശത്ത് സ്ഥിരതാമസമാക്കിയവര്‍ക്കും റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമായിരിക്കും ഇത്തരത്തില്‍ അവശ്യസാധനങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കുക. ഇതേ തുടര്‍ന്ന് ആളുകള്‍ അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനായി കൂട്ടത്തോടെ നഗരങ്ങളിലേക്ക് ഇറങ്ങി. ചെന്നൈയിലും കോയമ്പത്തൂരും മധുരയിലും കടകള്‍ക്ക് മുന്നില്‍ ആളുകളുടെ നീണ്ട നിര തന്നെയാണ് ഉള്ളത്. പലരും മാസ്‌ക്കുകള്‍ പോലും ധരിക്കാതെയാണ് നിരത്തിലിറങ്ങിയിരിക്കുന്നത്.

തമിഴ്‌നാട്ടില്‍ ഇതുവരെ 1755 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 22 പേരാണ് മരിച്ചത്. ചെന്നൈയിലും കോയമ്പത്തൂരും തെങ്കാശിയിലും വൈറസ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. തെങ്കാശിയില്‍ കേരളാ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പുളിയന്‍കുടി ഗ്രാമത്തിലാണ് കൂടുതല്‍ വൈറസ് ബാധിതരുള്ളത്.

Exit mobile version