കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ജീവന്‍ നഷ്ടമാകുന്ന ആരോഗ്യപ്രവര്‍ത്തകരെ രക്തസാക്ഷികളായി കണക്കാക്കും; കുടുംബത്തിന് 50 ലക്ഷം ധനസഹായം നല്‍കും; പ്രഖ്യാപനവുമായി ഒഡീഷ മുഖ്യമന്ത്രി

ഭുവനേശ്വര്‍: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ജീവന്‍ നഷ്ടമാകുന്ന ആരോഗ്യപ്രവര്‍ത്തരുടെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ അക്രമങ്ങളഴിച്ചുവിടുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ജീവന്‍ നഷ്ടപ്പെടുന്ന സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം ഉറപ്പാക്കും. കേന്ദ്രസര്‍ക്കാരുമായി സംയോജിച്ചാകും സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കുക. അവരെ സംസ്ഥാനം രക്തസാക്ഷികളായി കണക്കാക്കുകയും അവരുടെ ശവസംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുകയും ചെയ്യും.’- മുഖ്യമന്ത്രി പറഞ്ഞു.

മരണപ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്ക് വിരമിക്കുന്ന ദിവസം വരെയുള്ള ശമ്പളം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൊവിഡ് പോരാളികളുടെ വിലമതിക്കാനാവാത്ത ത്യാഗത്തെ അംഗീകരിക്കുന്നതിനായി പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ദേശീയ ദിനങ്ങളില്‍ പുരസ്‌കാരദാന ചടങ്ങ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ആരോഗ്യപ്രവര്‍ത്തകരുടെ സേവനങ്ങളെ അവമതിക്കാന്‍ ശ്രമിച്ചാല്‍ അത്തരക്കാര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമമുള്‍പ്പടെയുള്ള കര്‍ശനമായ നിയമനടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും നടത്തുന്ന ധീരമായ നിസ്വാര്‍ഥമായ സേവനത്തോട് കൃതജ്ഞതയുള്ളവരായിരിക്കണമെന്നും പട്‌നായിക് പറഞ്ഞു.

മരുന്നോ, വാക്‌സിനോ ഇല്ലാത്ത കൊവിഡ് 19നെതിരെ സ്വയം അപകടപ്പെടുത്തിക്കൊണ്ട് നമുക്ക് വേണ്ടി അവര്‍ പൊരുതുകയാണ്. രാജ്യത്തിന് വേണ്ടി പോരാടുന്ന ധീരരെ ബഹുമാനിക്കുന്ന പാരമ്പര്യമുള്ളവരാണ് നാം. അതേ മനോഭാവത്തോടെ കൊവിഡ് പോരാളികളെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും വേണം. അവര്‍ക്കെതിരായ എന്തുനടപടിയും സംസ്ഥാനത്തിനെതിരായ നടപടിയാണെന്ന് ദയവുചെയ്ത് ഓര്‍ക്കണമെന്നും പട്‌നായിക് കൂട്ടിച്ചേര്‍ത്തു. ഒഡീഷയില്‍ 79 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Exit mobile version