സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കില്ല, മുഖ്യമന്ത്രി എന്ന നിലയില്‍ ഇളവും ആഗ്രഹിക്കുന്നില്ല; അച്ഛന്റെ വിയോഗത്തില്‍ യോഗിയുടെ പ്രതികരണം ഇങ്ങനെ, ആളുകള്‍ ഒത്തുകൂടരുതെന്ന് നിര്‍ദേശവും

ലഖ്‌നൗ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തേടി പിതാവിന്റെ മരണവാര്‍ത്തയെത്തിയത്. അവലോകന യോഗം അവസാനിപ്പിച്ച് മുഖ്യമന്ത്രിയെ സമാശ്വസിപ്പിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ അദ്ദേഹം തടയുകയാണ് ചെയ്തത്. അക്ഷോഭ്യനായി ഇരുന്ന് യോഗം തുടരാന്‍ നിര്‍ദേശിച്ചു.

19 ജില്ലകളില്‍ ലോക് ഡൗണ്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്ന് തീരുമാനമെടുത്തു. ഇളവുകളുമായി ബന്ധപ്പെട്ട് ഈ മാസം 15ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗരേഖ കര്‍ശനമായി നടപ്പാക്കാന്‍ ഉത്തരവിട്ടു. ചികില്‍സാ സൗകര്യങ്ങള്‍, ഭക്ഷണ വിതരണം തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തി. അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി വീട്ടിലേയ്ക്ക് വിളിച്ചു. ‘ലോക് ഡൗണ്‍ ആയതിനാല്‍ സംസ്‌ക്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ല. നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ ഒരിളവും താന്‍ ആഗ്രഹിക്കുന്നില്ല. ലോക് ഡൗണ്‍ അവസാനിച്ചശേഷം നാട്ടിലെത്താം.

അച്ഛന്റെ മരണാനന്തരച്ചടങ്ങില്‍ ആളുകള്‍ ഒത്തുകൂടരുത്’ യോഗി ആദിത്യനാഥ് പറയുന്നു. രാവിലെ 10.44നാണ് ഡല്‍ഹി എയിംസില്‍വച്ച് യോഗി ആദിത്യനാഥിന്റെ അച്ഛന്‍ ആനന്ദ് സിങ് ബിഷ്ട് മരിച്ചത്. വൃക്ക, കരള്‍ സംബന്ധമായ അസുഖങ്ങള്‍ ഏറെനാളായി അലട്ടിയിരുന്നു. സംസ്‌ക്കാരം നാളെയാണ്. ഉത്തരാഖണ്ഡിലെ യാംകേശ്വറിലാണ് യോഗി ആദിത്യനാഥിന്റെ അച്ഛന്‍ ആനന്ദ് സിങ് ബിഷ്ട് കഴിഞ്ഞിരുന്നത്. സംസ്ഥാന വനം വകുപ്പില്‍ നിന്ന് 1991 ന് വിരമിച്ചു. ഏഴുമക്കളില്‍ രണ്ടാമത്തെ മകനാണ് യോഗി ആദിത്യനാഥ്.

അച്ഛന്റെ വിയോഗത്തില്‍ യോഗി ആദിത്യനാഥ് കുറിച്ചത് ഇങ്ങനെ;

എന്റെ പിതാവ് കൈലാസം പൂകി. പൂര്‍വാശ്രമത്തില്‍ എനിക്ക് ജന്മമേകിയ വ്യക്തി. ആത്മാര്‍ഥത, അര്‍പ്പണമനോഭാവം, കഠിന പ്രയത്‌നം എന്നീ പാഠങ്ങള്‍ കുട്ടിക്കാലത്ത് പകര്‍ന്നു തന്നത് അച്ഛനാണ്. കോവിഡ് മഹാമാരി പടര്‍ന്നു പിടിക്കുമ്പോള്‍ യുപിയിലെ 23 കോടി ജനങ്ങള്‍ക്കൊപ്പം ഒരു നിമിഷം പോലും മാറാതെ നില്‍ക്കാനാണ് എന്റെ തീരുമാനം.

Exit mobile version