ഗോവയ്ക്ക് പിന്നാലെ മണിപ്പൂരും കൊവിഡ് മുക്തമായി; ചികിത്സയിലിരുന്ന രണ്ട് പേരും ആശുപത്രി വിട്ടു

ഇംഫാല്‍: ഗോവയ്ക്ക് പിന്നാലെ മണിപ്പൂരും കൊവിഡ് മുക്തമായി. മണിപ്പുരില്‍ ചികിത്സയിലിരുന്ന രണ്ട് പേര്‍ രോഗമുക്തി നേടിയതോടെ സംസ്ഥാനം കൊവിഡ് മുക്തമായതായി മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

മണിപ്പൂര്‍ കൊവിഡ് മുക്തി നേടിയിരിക്കുന്നു, ചികിത്സയിലുള്ള രണ്ട് രോഗികളും പൂര്‍ണമായും രോഗമുക്തി നേടി. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പൊതുജനങ്ങളോടെയും ആരോഗ്യപ്രവര്ത്തകരുടെയും സഹകരണത്തിന്റേയും സംസ്ഥനത്ത് ഏര്‍പ്പെടുത്തിയ കര്‍ശന ലോക്ക്ഡൗണിന്റേയും ഫലമാണ് ഇതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

മണിപ്പൂരില്‍ ആകെ രണ്ട് പേര്‍ക്ക് മാത്രമാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്. നേരത്തെ ഗോവയും കൊവിഡ് മുക്തമായതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചിരുന്നു. ഏഴ് കൊവിഡ് കേസുകള്‍ മാത്രമാണ് ഗോവയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അതേസമയം, ഇന്ത്യയിലെ കൊവിഡ് കേസുകള്‍ 17265 ആയി. 543 പേര്‍ മരണപ്പെട്ടു. 2547 പേരാണ് രോഗമുക്തി നേടിയത്.

Exit mobile version