കല്യാണം കഴിക്കാന്‍ സോനു സൈക്കിള്‍ ചവിട്ടിയത് 850 കിലോമീറ്റര്‍, എത്തിപ്പെട്ടത് ക്വാറന്റൈന്‍ സെന്ററിലും; വിവാഹത്തേക്കാള്‍ വലുത് ആരോഗ്യമെന്ന് തിരിച്ചറിഞ്ഞുവെന്ന് സോനു

ലഖ്നൗ: ലോക്ക് ഡൗണ്‍ കാരണം പല വിവാഹങ്ങളാണ് മാറ്റിവെച്ചത്. ചിലത് ലളിതമായും ആര്‍ഭാടം കുറച്ചും വിവാഹം നടത്തിയവരും ഒപ്പം ഓണ്‍ലൈനായി വിവാഹം കഴിച്ചവരും ഉണ്ട്. എന്നാല്‍ വിവാഹം കഴിക്കാനായി 850 കിലോമീറ്റര്‍ സൈക്കിളില്‍ ചവിട്ടിയ സോനു കുമാര്‍ എന്ന 24കാരന് കിട്ടിയത് എട്ടിന്റെ പണി. മണ്ഡപത്തിലേയ്ക്കാണ് സോനു തന്റെ വിവാഹത്തിനായി സൈക്കിളില്‍ യാത്ര തിരിച്ചത്.

എന്നാല്‍ എത്തിപ്പെട്ടത് ക്വാറന്റൈന്‍ സെന്ററിലുമായി പോയി. ഉത്തര്‍പ്രദേശിലെ, നോപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ജില്ലയില്‍ വച്ചായിരുന്നു സോനു കുമാര്‍ ചൗഹാന്റെ വിവാഹം നടക്കേണ്ടിയിരിക്കുന്നത്. എന്നാല്‍ വിനയായത് ലോക്ക് ഡൗണ്‍ ആയിരുന്നു. രാവും പകലുമായി ഒരാഴ്ചയോളമാണ് സോനു സൈക്കിള്‍ ചവിട്ടിയത്.

ഒപ്പം മൂന്ന് സുഹൃത്തുക്കളുമുണ്ടായിരുന്നു. 850 കിലോമീറ്ററാണ് തന്റെ വിവാഹത്തിനായി ഇയാള്‍ സൈക്കിള്‍ ചവിട്ടിയത്. ശേഷം ഞായറാഴ്ച ബല്‍റാപൂരിലെ ക്വാറന്റൈന്‍ സെന്ററില്‍ എത്തിപ്പെടുകയായിരുന്നു. ഇവര്‍ പിടിയിലായ മഹാരാജ്ഗഞ്ചില്‍ നിന്ന് 150 കിലോമീറ്റര്‍ അകലൊണ് സോനുവിന്റെ വീട്. ലുധിയാനയിലെ ടൈല്‍ ഫാക്ടറിയിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. യാത്രക്കിടെ ഇവര്‍ അധികൃതരുടെ പിടിയിലാകുകയും നാല് പേരെയും ക്വാറന്റൈല്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

”150 കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ ഞാന്‍ വീട്ടില്‍ എത്തുമായിരുന്നു. ആര്‍ഭാടമായി അല്ല, ലളിതമായി വിവാഹം കഴിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ അധികൃതര്‍ അനുവദിക്കുന്നില്ല…” – സോനു പറയുന്നു. പിന്നാലെ വാദം തിരുത്തിയും പറയുന്നുണ്ട്. ആരോഗ്യമാണ് പ്രധാനമെന്നും വിവാഹം പിന്നീട് നടത്താമെന്നുമാണ് സോനു മാറ്റിപറഞ്ഞത്. 14 ദിവസത്തിനുള്ളില്‍ ഇവരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയാല്‍ ഇവരെ വിട്ടയക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Exit mobile version